പ്രാചീനമായ വട്ടപ്പാട്ടിന്റെ താളവുമായി മലപ്പുറത്തെ പെണ്‍കൂട്ടായ്്മയുടെ അരങ്ങേറ്റം.അന്യം നിന്നു പോകുന്ന കലാരൂപമായ വട്ടപ്പാട്ടിനെ വീണ്ടും സജീവമാക്കുന്നതിന്റെ ഭാഗമായാണ് കൂട്ടിലങ്ങാടിയിലെ ഗസല്‍  മാപ്പിള കലാപഠന കേന്ദ്രത്തില്‍ പരിശീലനം നേടിയ നാടന്‍ കലാകാരികള്‍ അരങ്ങേറ്റം കുറിച്ചത്.

മലപ്പുറം കെ.എസ്.ഇ.ബി ഓഫീസിനടുത്തുള്ള സര്‍ഗം കലാവേദിയുടെ അങ്കണമാണ് ഈ അപൂര്‍വ്വ കലാരൂപത്തിന് അരങ്ങായത്.പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞ് ഹാര്‍മോണിയത്തിന്റെയും വാദ്യോപകണങ്ങളുടെയും അകമ്പടിയോടെ വനിതകള്‍ വട്ടപ്പാട്ടുകള്‍ അവതരിപ്പിച്ചു. 

കലാ അധ്യാപകനും ഹാമോണിസ്റ്റുമായ കീഴിശേരി കുഞ്ഞാലന്‍ ഹാജിയുടെ ശിക്ഷണത്തിലാണ് വീട്ടമ്മമാരായ ശാമില,ഗിരിജ,സക്കീന,ശോഭ,ബിന്ദു,അന്‍സില,ചന്ദ്രിക,മുബഷിറ,സഹല,സുശീല തുടങ്ങിയവര്‍ വട്ടപ്പാട്ട് പഠിച്ച് അവതരിപ്പിച്ചത്. ഒരു കാലത്ത് കല്യാണ വീടുകളിലെ ജനപ്രിയ കലാരൂപമായിരുന്ന വട്ടപ്പാട്ട് പൊതുവെ പുരുഷന്‍മാരാണ് അവതരിപ്പിക്കാറുള്ളത്.സ്ത്രീകളുടെ സംഘം വിരളമായാണ് ഈ രംഗത്തുള്ളത്.ഒപ്പനയമായി വസ്ത്രസാദൃശ്യമുള്ള വട്ടപ്പാട്ട് അവതരണത്തില്‍ വ്യത്യസ്തമാണ്.


മണവാട്ടിക്ക് ചുറ്റം വട്ടമിട്ട് നിന്ന് കൈകൊട്ടിയാണ് ഒപ്പന അവതരിപ്പിക്കുന്നതെങ്കില്‍ വട്ടപ്പാട്ടില്‍ കലാകാരികള്‍ നിലത്തിരുന്നാണ് അവതരണം.മോയിന്‍കുട്ടി വൈദ്യരുടെ പഴയ പാട്ടുകളാണ് പിന്നണിയില്‍ ഉപയോഗിക്കുന്നത്.അരങ്ങേറ്റത്തിന് ശേഷം കല്യാണ വീടുകളില്‍ ഈ സംഘം പരിപാടികള്‍ അവതരിപ്പിക്കും.