കാര്‍ഷിക മേഖലയുടെ വികസനത്തിന് കൃഷിഭവനുകള്‍ക്ക് റാങ്കിങ് ഏര്‍പ്പെടുത്തുമെന്ന് കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. ഓരോ കൃഷിഭവനുകളെക്കുറിച്ചും വിശദമായി പരിശോധിക്കുമെന്നും റാങ്കില്‍ താഴെയുള്ളവയെ ഉയര്‍ത്തിക്കൊണ്ടുവരുമെന്നും മന്ത്രി വ്യക്തമാക്കി. ജില്ലാപഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന ജില്ലയിലെ കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് പദ്ധതികളുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ഞങ്ങളും കൃഷിയിടത്തിലേക്ക്' എന്ന പദ്ധതി കേരളം കണ്ട ഏറ്റവും വലിയ ജനകീയ പരിപാടിയാക്കി മാറ്റും. അതിനായി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പദ്ധതി നടപ്പാക്കും. പദ്ധതികള്‍ രൂപീകരിക്കും മുമ്പ് കര്‍ഷകരുടെ അഭിപ്രായങ്ങള്‍ കൂടി തേടും. പദ്ധതി നടത്തിപ്പിലും കര്‍ഷകരുടെ പങ്കാളിത്തം ഉറപ്പാക്കും. യുവജനങ്ങള്‍, സന്നദ്ധ സംഘടനകള്‍, വായനശാലകള്‍, ക്ലബുകള്‍, അങ്കണവാടി ടീച്ചര്‍മാര്‍, ആശാവര്‍ക്കര്‍മാര്‍, മതസാമുദായി സംഘടനകള്‍ തുടങ്ങിയവരുടെ സഹകരണവും പിന്തുണയും ഉറപ്പാക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥര്‍രോട് നിര്‍ദേശിച്ചു.
പഞ്ചായത്തുകളിലെ ഓരോ വാര്‍ഡിലും 10 അംഗങ്ങളെങ്കിലുമുള്ള ഒരു കര്‍ഷക കൂട്ടായ്മ രൂപീകരിക്കും. ഇതിലൂടെ സംസ്ഥാനത്താകമാനം മുന്നേറ്റമുണ്ടാക്കാനാണ് ശ്രമം. വിഷരഹിത പച്ചക്കറി കൃഷിയില്‍ സ്വയം പര്യാപ്ത കൈവരിക്കാന്‍ എല്ലാ വീടുകളിലേക്കും പദ്ധതിയുടെ സന്ദേശമെത്തിക്കും. വിപുലമായ ജനകീയ ബോധവത്കരണ പരിപാടികളും നടത്തുമെന്നും ഇതിനായി സാമൂഹിക മാധ്യമങ്ങളെ ഉള്‍പ്പെടെ ഉപയോഗപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. കാര്‍ഷിക മേഖലയിലെ നിലവിലെ പ്രതിസന്ധികള്‍ പരിഹരിച്ച് പച്ചക്കറി ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുകയാണ് ലക്ഷ്യം. ഇതിനായി സംഭരണ-സംസ്‌കരണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തും. ഇതിനായി കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു. ആഗോള താപനവും ആരോഗ്യപ്രശ്നങ്ങളും മുന്‍നിര്‍ത്തി സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും കാര്‍ബണ്‍ ന്യൂട്രല്‍ മാതൃക പ്ലോട്ടുകള്‍ സ്ഥാപിക്കും.
കൃഷിഭവനുകളുടെ പിന്തുണയോടെ ഓരോ പ്രദേശത്തെയും സാധ്യത കണക്കിലെടുത്ത് കാര്‍ഷിക ഉല്‍പ്പന്നങ്ങളെ ബ്രാന്‍ഡ് ചെയ്യും. ജൈവ കൃഷി മിഷനും നഴ്സറി ആക്ടും നടപ്പാക്കും. നാളികേര സംഭരണം ജില്ലയില്‍ കാര്യക്ഷമമാക്കും. തെറ്റായ വിവരം നല്‍കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കും. അന്യായമായ ഇടപെടലുകള്‍ക്കും സമ്മര്‍ദങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ വഴങ്ങരുത്. സത്യസന്ധമായും ആത്മാര്‍ത്ഥമായും ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കും. ലോകത്തെ വന്‍കിട കോര്‍പ്പറേറ്റുകള്‍ കാര്‍ഷിക മേഖലയിലേക്ക് വരുന്നത് അതിലെ വിപുലമായ സാധ്യത മുന്നില്‍കണ്ടാണ്. ഭക്ഷണം വിഷമാകുന്ന സാഹചര്യം ഇല്ലാതാക്കണം. തദ്ദേശസ്ഥാപനങ്ങളിലെ പദ്ധതികളില്‍ 30 ശതമാനം കാര്‍ഷിക മേഖലയ്ക്ക് നീക്കിവെയ്ക്കാന്‍ കൃഷി ഓഫീസര്‍മാര്‍ ഇടപെടണം. കാര്‍ഷിക മേഖലയില്‍ താഴെത്തട്ടില്‍ കാര്യമായ ഇടപെടലുണ്ടാകണം. ഉദ്യോഗസ്ഥര്‍ക്കിടയില്‍ കൂട്ടായ പ്രവര്‍ത്തനം ഉണ്ടാകണം. ലോകത്തെ കര്‍ഷകരെല്ലാം കൃഷി അവസാനിപ്പിച്ചാല്‍ സര്‍വനാശമുണ്ടാകും. അത്രപ്രാധാന്യം ഭക്ഷണത്തിനുണ്ട്. അതിനാല്‍ കര്‍ഷകര്‍ക്ക് അതിനേക്കാള്‍ പ്രാധാന്യമുണ്ടെന്നും മന്ത്രി പറഞ്ഞു. കര്‍ഷകരുടെ മനസ് നിറഞ്ഞാല്‍ നാടിന് നന്മയുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കൃഷിവകുപ്പ് ജീവനക്കാരുമായി സംവദിച്ച മന്ത്രി മലപ്പുറം ഇ-ഓഫീസ് സംവിധാനത്തിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു.
കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് അഡീഷണല്‍ സെക്രട്ടറി സാബിര്‍ ഹുസൈന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, കേരള സംസ്ഥാന കാര്‍ഷിക വിലനിര്‍ണയ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. പി.രാജശേഖരന്‍, കൃഷി അഡീഷനല്‍ ഡയറക്ടര്‍ ടെസ്സി എബ്രഹാം, ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ആര്‍.രുക്മിണി, ആത്മ പ്രൊജക്ട് ഡയറക്ടര്‍ കെ. ചന്ദ്രന്‍, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജോര്‍ജ് സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു.

0 Comments