കുറ്റിപ്പുറം: നിർമിതബുദ്ധി, ഡിജിറ്റൽ അവകാശങ്ങൾ, സ്വകാര്യത, പകർപ്പവകാശം തുടങ്ങിയ സമകാലിക നിയമവിഷയങ്ങൾ ചർച്ച ചെയ്ത് കെ.എം.സി.ടി ലോ കോളേജിൽ സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാർ സമാപിച്ചു.
കെ.എം.സി.ടി ലോ കോളേജിലെ ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലും (ഐ.ക്യു.എ.സി) ഗവേഷണ വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച സെമിനാർ ‘റീഇമാജിനിങ് ലോ ഇൻ ദ അൽഗോരിതമിക് ഏജ് – പവർ, റൈറ്റ്സ് ആൻഡ് റെഗുലേഷൻസ്’ എന്ന വിഷയത്തിലായിരുന്നു. ഒക്ടോബർ 6, 7 തീയതികളിൽ നടന്ന സെമിനാറിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികളും ഗവേഷകരും പങ്കെടുത്തു.
നിർമിതബുദ്ധി, ഡിജിറ്റൽ അവകാശങ്ങൾ, സ്വകാര്യതാ സംരക്ഷണം, പകർപ്പവകാശം, അൽഗോരിതമിക് ഭരണസംവിധാനം തുടങ്ങിയ വിഷയങ്ങളിൽ ഗവേഷണ പ്രബന്ധാവതരണങ്ങളും അക്കാദമിക ചർച്ചകളും നടന്നു. സാങ്കേതികവിദ്യയുടെ വളർച്ച നിയമരംഗത്ത് ഉയർത്തുന്ന വെല്ലുവിളികളും അവയുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട വിഷയങ്ങളും സെമിനാറിൽ ചർച്ചയായി.
കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ എ.പി. ഷൗക്കത്ത് അലി ഐ.പി.എസ്. സെമിനാർ ഉദ്ഘാടനം ചെയ്തു. സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരളയിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. ഗിരീഷ് കുമാർ ജെ. മുഖ്യാതിഥിയായി പങ്കെടുത്തു. കെ.എം.സി.ടി ലോ കോളേജ് പ്രിൻസിപ്പൽ ഡോ. ഷീന സി.എസ്. അധ്യക്ഷത വഹിച്ചു. കോഴിക്കോട് ഗവൺമെന്റ് ലോ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ഇബ്രാഹിം ഖലീലും അലിഗഡ് മുസ്ലിം സർവകലാശാല നിയമവിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ ഗാലിബ് നഷ്തറും സംസാരിച്ചു.
സമാപന സമ്മേളനത്തിൽ കോഴിക്കോട് ഗവൺമെന്റ് ലോ കോളേജിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. ലോവെൽമാൻ പി. സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. ധർമ്മപുരി ഗവൺമെന്റ് ലോ കോളേജിലെ ആർ. സുമിത്രയെ മികച്ച പ്രബന്ധാവതാരകയായി തിരഞ്ഞെടുത്തു.

0 Comments