ad

Ticker

6/recent/ticker-posts

പുത്തനത്താണി ബസ് സ്റ്റാൻഡിൽ എല്ലാ ബസുകളും കയറണം; നടപടികൾ ആരംഭിച്ച് ആർ.ടി.ഒയും പോലീസും

Uploaded Image

ആതവനാട്: പുത്തനത്താണി വഴി സർവീസ് നടത്തുന്ന സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സി ബസുകളും ബസ് സ്റ്റാൻഡിൽ പ്രവേശിക്കാത്തതുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽ നിന്ന് വ്യാപകമായ പരാതികൾ ഉയർന്ന സാഹചര്യത്തിൽ നടപടികളുമായി മോട്ടോർ വാഹന വകുപ്പും പോലീസും രംഗത്ത്.

കഴിഞ്ഞ മേയ് 25-ന് മോട്ടോർ വാഹന വകുപ്പ്, പോലീസ് വകുപ്പ്, ഗ്രാമപഞ്ചായത്ത് എന്നിവയുടെ പ്രതിനിധികൾ ഉൾപ്പെട്ട ട്രാഫിക് റെഗുലേറ്ററി സമിതി യോഗം ചേർന്ന് പുത്തനത്താണി വഴി കടന്നുപോകുന്ന എല്ലാ പൊതുസർവീസ് ബസുകളും നിർബന്ധമായും പുത്തനത്താണി ബസ് സ്റ്റാൻഡിൽ പ്രവേശിക്കണമെന്ന് തീരുമാനിച്ചിരുന്നു.

ഈ തീരുമാനത്തിന്റെ ഭാഗമായി ഇന്ന് (ജൂൺ 2) ജോയിന്റ് ആർ.ടി.ഒയും കൽപകഞ്ചേരി പോലീസും പുത്തനത്താണി ബസ് സ്റ്റാൻഡിൽ നേരിട്ടെത്തി പരിശോധന നടത്തുകയും നടപടികൾ ആരംഭിക്കുകയും ചെയ്തു. കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള എല്ലാ ബസുകൾക്കും സ്റ്റാൻഡിൽ പ്രവേശിക്കേണ്ടതിന്റെ നോട്ടീസും നിർദേശങ്ങളും കൈമാറി.

ആദ്യഘട്ടമെന്ന നിലയിൽ ബസ് ജീവനക്കാർക്കും ഉടമകൾക്കും ബോധവൽക്കരണവും മുന്നറിയിപ്പുമാണ് നൽകിയിട്ടുള്ളത്. തുടർന്നും നിർദേശം പാലിക്കാതെ പോകുന്ന ബസുകൾക്കെതിരെ മോട്ടോർ വാഹന നിയമപ്രകാരം കർശന നടപടികൾ സ്വീകരിക്കുമെന്ന് ആർ.ടി.ഒ അധികൃതർ അറിയിച്ചു.
Uploaded Image

ജനങ്ങളുടെ യാത്രാസൗകര്യം ഉറപ്പാക്കുന്നതിനും ബസ് സ്റ്റാൻഡിന്റെ പ്രയോജനം പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനുമാണ് നടപടി സ്വീകരിക്കുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ആസാദ് പറഞ്ഞു. അതേസമയം, ബസ് തൊഴിലാളികൾക്കോ ഉടമകൾക്കോ ഈ വിഷയത്തിൽ പ്രായോഗിക ബുദ്ധിമുട്ടുകളോ പരാതികളോ ഉണ്ടെങ്കിൽ പഞ്ചായത്ത് ഭരണസമിതി ചർച്ച നടത്തി പരിഹാരം കണ്ടെത്താൻ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.

Post a Comment

0 Comments