എടത്വാ:തിരുവല്ല–അമ്പലപ്പുഴ സംസ്ഥാനപാതയിലെ എടത്വ ജംഗ്ഷനിൽ യാത്രക്കാർക്കായി ആധുനിക ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിക്കുന്നതിന് കൊടിക്കുന്നിൽ സുരേഷ് എം.പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ അനുവദിച്ചു.
ബസ് കാത്തിരിക്കുന്ന യാത്രക്കാർ, വിദ്യാർത്ഥികൾ, സ്ത്രീകൾ, മുതിർന്ന പൗരന്മാർ തുടങ്ങി ദിവസേന നിരവധി പേർ ആശ്രയിക്കുന്ന എടത്വ ജംഗ്ഷനിൽ സുരക്ഷിതവും സൗകര്യപ്രദവുമായ കാത്തിരിപ്പ് സൗകര്യം ഒരുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
നേരത്തെ 5 ലക്ഷം രൂപ അനുവദിച്ചിരുന്നുവെങ്കിലും, നിലവിലെ ആവശ്യങ്ങൾ പരിഗണിച്ച് കൂടുതൽ മികച്ച സൗകര്യങ്ങളോടെയുള്ള ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ നിർമിക്കുന്നതിനായി തുക 10 ലക്ഷം രൂപയായി പുതുക്കി അനുവദിക്കുകയായിരുന്നു.
മഴയും വെയിലും ഏൽക്കാത്ത സംരക്ഷണം, യാത്രക്കാർക്ക് സൗകര്യപ്രദമായ ഇരിപ്പിടങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളോടെയാണ് പുതിയ കാത്തിരിപ്പ് കേന്ദ്രം ഒരുക്കുന്നത്.
എടത്വയിലെ യാത്രക്കാരുടെ ദീർഘകാല ആവശ്യത്തിന് പരിഹാരമാകുന്ന ഈ പദ്ധതിയുടെ തുടർനടപടികൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ഏകോപിപ്പിച്ച് വേഗത്തിൽ പൂർത്തിയാക്കി നിർമ്മാണം സമയബന്ധിതമായി ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.
എടത്വ ജംഗ്ഷനിൽ കാത്തിരിപ്പ് കേന്ദ്രങ്ങള്‍ നിർമ്മിക്കണമെന്നാവശ്യപ്പെട്ട് എടത്വ വികസന സമിതിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 23ന് പ്രതിഷേധ സമരം സംഘടിപ്പിച്ചിരുന്നു.
എടത്വ ജംഗ്ഷനിൽ കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കുന്നതിന് കൊടിക്കുന്നിൽ സുരേഷ് എംപിയുടെ
18-ാം ലോക്സഭ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 5 ലക്ഷം രൂപ അനുവദിക്കുകയും കേരള റോഡ് ഫണ്ട് ബോർഡ് 29.09.2023ൽ നിർമ്മാണ ചുമതലയുള്ള ചമ്പക്കുളം ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫിസർക്ക് 5 മീറ്റർ നീളവും 2.5 മീറ്റർ വീതിയും ഉള്ള കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കുന്നതിനുള്ള പ്രവർത്തിയുടെ നിർവഹണത്തിനുള്ള നിരാക്ഷേപ സാക്ഷ്യപത്രം നല്കിയിട്ടും അത് ഇനിയും നിർമ്മിച്ചിട്ടില്ലയെന്നുള്ളത് മറ്റൊരു വാസ്തവം.
എടത്വയിൽ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കുന്നതിന് സഹായ വാഗ്ദാനവുമായി റെജി ചെറിയാൻ എംഎൽഎ യും രംഗത്ത് വന്നിട്ടുണ്ട്. ഏത് ഫണ്ട് അനുവദിച്ചാലും ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത മൂലം ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കാന്‍ അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്ന് എടത്വ വികസന സമിതി ഉന്നതാധികാര സമിതി ആവശ്യപ്പെട്ടു

0 Comments