ad

Ticker

6/recent/ticker-posts

മലബാർ മേഖലയോടുള്ള വിദ്യാഭ്യാസ അവഗണക്കെതിരെ ഫ്രറ്റേണിറ്റി വളാഞ്ചേരിയിൽ പ്രതിഷേധ തെരുവ് ക്ലാസ് സംഘടിപ്പിച്ചു

വളാഞ്ചേരി :- മലബാർ വിദ്യാഭ്യാസ അവകാശ സമരത്തിന്റെ ഭാഗമായി ഹയർ സെക്കണ്ടറി സീറ്റുകളുടെ അപര്യാപ്തതക്കെതിരെയും വിദ്യാഭ്യാസ വിവേചനത്തിനെതിരെയും ഫ്രറ്റേണിറ്റി മൂവ്മന്റ് കോട്ടക്കൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വളാഞ്ചേരിയിൽ പ്രതിഷേധ തെരുവ് ക്ലാസ് സംഘടിപ്പിച്ചു. മലബാർ മേഖലയിൽ പ്ലസ് വൺ സീറ്റ് അനുവദിക്കുന്ന വിഷയത്തിൽ സർക്കാർ തുടർന്നു വരുന്ന അനാസ്ഥകൾക്കെതിരെ നടത്തിയ പ്രതിഷേധ തെരുവ് ക്ലാസ് വേറിട്ട സമര പരിപാടിയായി. 

കുറ്റിപ്പുറം റോഡിലെ പെട്രോൾ പമ്പിനു സമീപം സംഘടിപ്പിച്ച പ്രതിഷേധ തെരുവ് ക്ലാസ് വെൽഫെയർ പാർട്ടി വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റി പ്രസിഡണ്ട് കെ.പി. സുബൈർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. തെക്കൻ മേഖലകളിൽ ആവശ്യത്തിലേറെ സീറ്റുകൾ ഒഴിഞ്ഞുകിടക്കുമ്പോഴും മലബാറിൽ എ പ്ലസ് ലഭിച്ച മുഴുവൻ പേർക്കും പ്രവേശനം നൽകാനാവാത്ത വിധം സങ്കീർണ്ണമായ അവസ്ഥയാണുള്ളതെന്നും പതിറ്റാണ്ടുകളായി തുടരുന്ന ഈ  വിദ്യാഭ്യാസ വിവേചനം മലബാർ മേഖലയോടുള്ള സർക്കാറുകളുടെ ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിനെതിരെ ശക്തമായ ജനവികാരം ഉയർന്നുവരേണ്ടതുണ്ടെന്നും അദ്ധേഹം പറഞ്ഞു. 

പഠിച്ചു ജയിച്ചവരെ പടിക്ക് പുറത്താക്കാൻ അനുവദിക്കില്ലെന്നും പുതിയ ബാച്ചുകളും ഹയർ സെക്കണ്ടറി സ്കൂളുകളുമാണ് പരിഹാരമെന്നും പ്രതിഷേധ തെരുവ് ക്ലാസിൽ പങ്കെടുത്ത വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു.  

ഫ്രറ്റേണിറ്റി കോട്ടക്കൽ മണ്ഡലം പ്രസിഡന്റ് യു. മുബാരിസ്, എം.എസ്‌.എഫ് കോട്ടക്കൽ മണ്ഡലം സെക്ക്രട്ടറി കെ. സിദ്ധീക്, ഫ്രറ്റേണിറ്റി എം.ഇ.എസ്‌ കെ.വി.എം കോളേജ് യൂനിറ്റ് ഭാരവാഹികളായ സി.ടി. ബരീറ, പി.കെ. മുഹ്സിൻ, സഫാ കോളേജ് യൂനിറ്റ് സെക്രട്ടറി അജ്മൽ അമീർ തുടങ്ങിയവർ സംസാരിച്ചു

Post a Comment

0 Comments