തിരുവനന്തപുരം: ടൈറ്റാനിയം തൊഴിൽ തട്ടിപ്പ് കേസിലെ പ്രധാന ഇടനിലക്കാരി ദിവ്യ നായർ വെഞ്ഞാറമൂട് പൊലീസ് കസ്റ്റഡിയിൽ. തിരുവനന്തപുരം ജേക്കബ് ജംഗ്ഷനിലെ വീട്ടിലെത്തിയാണ് പൊലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒക്ടോബർ ആറിനാണ് കേസ് രജിസ്റ്റർ ചെയ്തത്. നേരിട്ട് പണം കൈപ്പറ്റിയ ദിവ്യജ്യോതി എന്ന ദിവ്യ നായർ ഒന്നാം പ്രതിയും, ടൈറ്റാനിയം ലീഗൽ എജിഎം ശശികുമാരൻ തമ്പി കേസിൽ അഞ്ചാം പ്രതിയുമാണ്. ദിവ്യജ്യോതിയുടെ ഭർത്താവ് രാജേഷ്, പ്രേംകുമാർ, ശ്യാം ലാൽ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. പണം നൽകി ജോലി കിട്ടാതെ കബളിക്കപ്പെട്ടവരുടെ പരാതികളിലാണ് കേസെടുത്തത്. ട്രാവൻകൂർ ടൈറ്റാനിയത്തിൽ അസിസ്റ്റന്‍റ് കെമിസ്റ്റായി ജോലി വാഗ്ദാനം ചെയ്ത് 2018 ഡിസംബറിൽ രണ്ട് തവണയായി 10 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് കന്‍റോൺമെന്‍റ് പൊലീസ് എടുത്ത കേസ്. സമാനമായ പരാതിയിൽ വെഞ്ഞാറമൂട് പൊലീസും കേസെടുത്തിട്ടുണ്ട്. 2018 മുതൽ തട്ടിപ്പ് നടക്കുന്നുണ്ടെന്നാണ് പൊലീസിന്റെ വിവരം. 29 പേരിൽ നിന്നായി ഒരു കോടി 85 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് പൊലീസിന്‍റെ പ്രാഥമിക വിലയിരുത്തൽ. ടൈറ്റാനിയത്തിൽ ഒഴിവുകളുണ്ടെന്ന് ചൂണ്ടിക്കാണിച്ച് വിവിധ ഫേസ്ബുക്ക് ഗ്രൂപ്പുകളിൽ പോസ്റ്റുകൾ ഇട്ടാണ് തട്ടിപ്പ് നടത്തിയത്. വിവരങ്ങൾ ചോദിക്കുന്നവർക്ക് ഇൻബോക്സ് വഴി മറുപടി നൽകുന്നതോടൊപ്പം പണം ചോദിക്കും. പരാതിക്കാരി ദിവ്യജ്യോതിയുടെ പാളയത്തെ വീട്ടിലെത്തി ഭർത്താവ് രാജേഷിന്‍റെ സാന്നിധ്യത്തിലാണ് പണം നൽകിയത്. മൂന്നാം പ്രതി പ്രേംകുമാറിന്‍റെ സഹായത്തോടെ ശ്യാംലാൽ എന്നയാളാണ് പണം നൽകിയവരെ സമീപിക്കുന്നത്. ശ്യാംലാലിന്‍റെ വാഹനത്തിലാണ് ഇവരെ ഇന്‍റർവ്യൂവിനായി ടൈറ്റാനിയത്തിലേക്ക് കൊണ്ടുപോയത്. ടൈറ്റാനിയം ലീഗൽ അസിസ്റ്റന്‍റ് ജനറൽ മാനേജർ ശശികുമാരൻ തമ്പിയാണ് അഭിമുഖം നടത്തിയത്. 15 ദിവസത്തിനകം അപ്പോയിന്‍റ്മെന്‍റ് ലെറ്റർ നൽകാമെന്നായിരുന്നു വാഗ്ദാനം.
0 Comments