മലപ്പുറം :മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി മന്ത്രി. വി അബ്ദുറഹിമാന്റെ നേതൃത്വത്തില്‍ എം.എൽ.എമാരുടെയും ജില്ലാതല ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഓറഞ്ച് ബുക്കിൽ പറയുന്ന നിർദേശങ്ങൾ ഓരോ വകുപ്പുകളും പാലിക്കണമെന്ന് മന്ത്രി നിർദേശം നൽകി. മഴക്കാലത്തിന് മുന്നോടിയായി പകർച്ചവ്യാധിക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും പ്രതിരോധ മരുന്നുകളുടെയും പാമ്പു കടിയേറ്റാൽ ഉപയോഗിക്കുന്ന ആൻറിവെനത്തിന്റെയും ലഭ്യത ഉറപ്പാക്കാനും ആരോഗ്യ വകുപ്പിന് നിർദേശം നൽകി. പകർച്ചവ്യാധികൾ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾ തദ്ദേശ വകുപ്പുമായി സഹകരിച്ച് പൂർത്തിയാക്കണം. ഓരോ പഞ്ചായത്ത് തലത്തിലും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുകൾക്കനുസരിച്ച് കൺട്രോൾ റൂമുകൾ സജ്ജമാക്കാനും ഉദ്യോഗസ്ഥരെ വിന്യസിക്കാനും നിർദേശം നൽകി. ദുരന്തമുഖത്ത് കൂട്ടായ പ്രവർത്തനങ്ങൾ നടത്തണം.
ദുരന്ത മുന്നറിയിപ്പുകളുണ്ടാകുമ്പോൾ ആളുകളെ ഒഴിപ്പിക്കാനുള്ള ചുമതല പൊലീസിനാണെന്നും പ്രോട്ടോകോൾ പ്രകാരമാണ് ഒഴിപ്പിക്കൽ നടത്തേണ്ടതെന്നും യോഗം നിർദേശിച്ചു. ദുരന്ത നിവാരണ പ്രവർത്തനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടകള്‍ ഐ.എ.ജി പട്ടികയിൽ ഉൾപ്പെട്ടതാണെന്ന് പൊലീസ് ഉറപ്പാക്കണം. ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കേണ്ട സാഹചര്യം വന്നാൽ തദ്ദേശസ്വയംഭരണ വകുപ്പ് റവന്യു വകുപ്പുമായി ചേർന്ന് നടപടികൾ പൂർത്തിയാക്കണം. ദുരിതാശ്വാസ ക്യാമ്പിനായി തിരഞ്ഞെടുക്കുന്ന സ്‌കൂളുകളുടെ ഫിറ്റ്‌നസും ശുചിമുറികളുടെ വൃത്തിയും വിദ്യാഭ്യാസ വകുപ്പ് ഉറപ്പാക്കണം.
ഭക്ഷ്യലഭ്യത ഉറപ്പാക്കാൻ സിവിൽ സപ്ലൈസ് വകുപ്പിന് യോഗം നിർദേശം നൽകി. ഒറ്റപ്പെട്ട് പോകാൻ സാധ്യതയുള്ള ആദിവാസി മേഖലകളിൽ ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കണം. കുടിവെള്ള പദ്ധതികൾക്കാവശ്യമായ വൈദ്യുതി ഉറപ്പാക്കാൻ കെ.എസ്.ഇ.ബി അധികൃതർക്ക് നിർദേശം നൽകി. വൈദ്യുതി ലൈൻ പൊട്ടിവീണാൽ ഉടൻ വിച്ഛേദിക്കണം. ഫ്ലഡ് ലെവലിന് താഴെയുള്ള ട്രാൻഫോർമറുകൾ ഉടൻ തന്നെ മാറ്റി സ്ഥാപിക്കണം. കുടിവെള്ളത്തിൽ മാലിന്യം കലരുന്നില്ലെന്ന് വാട്ടർ അതോറിറ്റി ഉറപ്പാക്കണമെന്നും യോഗം നിർദേശിച്ചു. വില്ലേജ്തല ദുരന്ത നിവാരണ കമ്മിറ്റി ചേരുന്നുണ്ടെന്നും തദ്ദേശ വകുപ്പ് ജോയിൻറ് ഡയറക്ടറും എ ഡി എമ്മും ഉറപ്പാക്കണം. 15 ദിവസത്തിലൊരിക്കൽ താലൂക്ക്തല ഡിസാസ്റ്റർ മാനേജ്‌മെൻറ് കമ്മിറ്റി യോഗം ചേരണമെന്നും നിർദേശിച്ചു. ഇക്കാര്യങ്ങളെല്ലാം പരിശോധിച്ച് 15 ദിവസത്തിനുള്ളിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് റിപ്പോർട്ട് നൽകണമെന്നും മന്ത്രി നിർദേശം നൽകി.
യോഗത്തില്‍ വിവിധ എം.എല്‍.എമാര്‍, ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ജിനു പുന്നൂസ്, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments