വളാഞ്ചേരി: ഫേസ്‌ബുക്ക് വഴിയുള്ള പരിചയം വീട്ടമ്മയുടെ ജീവിതം തകർത്ത ദുരനുഭവമായി. സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട ശേഷം നിരന്തരം പീഡനത്തിനിരയാക്കിയ പ്രതിയെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു.
തൃശ്ശൂർ ദേശമംഗലം മുല്ലക്കൽ വീട്ടിൽ യദുകൃഷ്ണൻ (23) ആണ് പിടിയിലായത്. 33 വയസുള്ള മലപ്പുറം വളാഞ്ചേരി പുറമണ്ണൂർ സ്വദേശിയായ വീട്ടമ്മയാണ് പരാതി നൽകിയത്. പ്രതി ഫേസ്‌ബുക്ക് വഴി പരിചയപ്പെട്ട ശേഷം അടുത്ത ബന്ധം സ്ഥാപിക്കുകയും പിന്നീട് സ്ത്രീയെ മാനസികമായും ശാരീരികമായും ഉപദ്രവിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.
2025 ഒക്ടോബർ 23-ന് രാത്രി 12 മണിയോടെ പ്രതി സ്ത്രീയുടെ വീട്ടിൽ എത്തിയതും പീഡിപ്പിച്ചതുമാണ് പരാതി. പ്രതി സ്ത്രീയുടെ നഗ്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലും ഭർത്താവിനും അയയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. നിരന്തരം ഭീഷണികൾ നേരിട്ട പരാതിക്കാരി ഭർത്താവിനൊപ്പം വളാഞ്ചേരി പോലീസിൽ പരാതി നൽകി.
മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലൂടെ പ്രതി തൃശ്ശൂർ ചെറുതുരുത്തിയിലെ രഹസ്യ കേന്ദ്രത്തിൽ കഴിയുന്നതായി പൊലീസ് കണ്ടെത്തി. തുടര്‍ന്ന് വളാഞ്ചേരി എസ്.എച്ച്.ഒ വിനോദ് വലിയട്ടൂർ, എസ്.ഐ ശശികുമാർ, പൊലീസുകാർ വിജയനന്തു, ശൈലേഷ്, രജിത എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രതിയെ കോടതിയിൽ ഹാജരാക്കിയതിന് ശേഷം റിമാൻഡ് ചെയ്തു.
വളാഞ്ചേരി പോലീസ് സ്റ്റേഷന്റെ മികച്ച അന്വേഷണ പ്രവർത്തനമാണ് പ്രതിയെ പിടികൂടാൻ സഹായിച്ചതെന്ന് പൊലീസ് അറിയിച്ചു.

0 Comments