ad

Ticker

6/recent/ticker-posts

കെഎസ്ആർടിസി യാത്രക്കാരന്റെ സ്വർണ്ണമാല കവർന്ന കേസ്; രണ്ട് പേർ അറസ്റ്റിൽ

Uploaded Image


വളാഞ്ചേരി: കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നതിനിടെ വളാഞ്ചേരിയിൽ ഇറങ്ങി ബാറിൽ മദ്യപിച്ചിരുന്ന യാത്രക്കാരന്റെ സ്വർണ്ണമാല ബലംപ്രയോഗിച്ച് കവർന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ. വളാഞ്ചേരി ആലിപ്പറമ്പിൽ വീട്ടിൽ സുകുമാരന്റെ മകൻ സുമേഷ് (40), വളാഞ്ചേരി മാടത്തിയർകുന്ന് വീട്ടിൽ പൊന്നുസ്വാമിയുടെ മകൻ ജഗൻ (53) എന്നിവരെയാണ് വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.

24.08.2026ന് ചേർത്തലയിൽ നിന്ന് കോഴിക്കോട്ടേക്ക് കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുകയായിരുന്ന പരാതിക്കാരൻ രാവിലെ 10.30 ഓടെ വളാഞ്ചേരിയിൽ ബസ് നിർത്തിയപ്പോൾ ഭക്ഷണം കഴിക്കുന്നതിനായി ബാറിൽ പ്രവേശിക്കുകയും മദ്യപിക്കുകയും ചെയ്തിരുന്നു. ഇതിനിടെ ബാറിൽ വെച്ച് പരിചയപ്പെട്ട പ്രതികൾ പരാതിക്കാരനോടൊപ്പം മദ്യപിക്കുകയും തുടർന്ന് ഇയാളുടെ കഴുത്തിലുണ്ടായിരുന്ന ഏകദേശം രണ്ടേകാൽ പവൻ തൂക്കമുള്ള സ്വർണ്ണമാലയും ലോക്കറ്റും ബലംപ്രയോഗിച്ച് കവർന്നെടുക്കുകയുമായിരുന്നു.

മദ്യലഹരിയിൽ ബോധരഹിതനായ പരാതിക്കാരനെ പ്രതികൾ വാഹനത്തിൽ കയറ്റി നായരങ്ങാടി ഭാഗത്ത് എത്തിച്ച് ഉപേക്ഷിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പിന്നീട് ബോധം വീണ്ടെടുത്ത പരാതിക്കാരൻ നാട്ടിലേക്ക് മടങ്ങിയശേഷം പോലീസിൽ പരാതി നൽകുകയായിരുന്നു.

തുടർന്ന് വളാഞ്ചേരി പോലീസ് നടത്തിയ അന്വേഷണത്തിൽ വിവിധ സ്ഥലങ്ങളിലെ CCTV ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. അന്വേഷണത്തിൽ കവർന്നെടുത്ത സ്വർണ്ണമാല പണയംവെച്ചതായും ലോക്കറ്റ് വിറ്റഴിച്ചതായും തെളിവുകൾ ലഭിച്ചതിനെ തുടർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

വളാഞ്ചേരി SHO സബ് ഇൻസ്പെക്ടർ ഫിറോസ് എ.കെ.യുടെ നേതൃത്വത്തിൽ സിവിൽ പോലീസ് ഓഫീസർമാരായ തോമസ് ജോസഫ്, വിപിൻ സേതു, അർജുൻ, ധനജ് എന്നിവർ ചേർന്നാണ് പ്രതികളെ കണ്ടെത്തി പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

കേസിൽ കൂടുതൽ അന്വേഷണം നടന്നുവരുന്നു.

Post a Comment

0 Comments