പുത്തനത്താണി: ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി എക്സൈസ് നടത്തിയ പരിശോധനയിൽ പുത്തനത്താണിയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ആറ് ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടികൂടി. സംഭവത്തിൽ പശ്ചിമബംഗാൾ സ്വദേശിയായ 56കാരനെ അറസ്റ്റ് ചെയ്തു.
ഹുഗ്ലി ജില്ലയിലെ ചിന്സുര–മോഗ്ര താലൂക്കിലെ ചിന്സുര വില്ലേജിൽ കാളിത്തല ദേശത്ത് പഞ്ചാനന്റെ മകൻ മഹാദേവ് പാൽ (56) ആണ് അറസ്റ്റിലായത്. ഇയാളുടെ കൈവശം മദ്യം വിൽപ്പന ഉദ്ദേശത്തോടെ സൂക്ഷിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് 6 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവും 2,100 രൂപയും എക്സൈസ് സംഘം പിടിച്ചെടുത്തു.
മലപ്പുറം അസിസ്റ്റന്റ് എക്സൈസ് കമ്മിഷണറുടെ നിർദേശപ്രകാരം തിരൂർ താലൂക്കിലെ വളവന്നൂർ വില്ലേജിൽ പുത്തനത്താണി–കടുങ്ങാത്തുകുണ്ട് റോഡിൽ നടത്തിയ പരിശോധനയിലാണ് നടപടി. കുറ്റിപ്പുറം എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ എ. മുരുഗദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രതിക്കെതിരെ നേരത്തെയും വ്യാപകമായി പരാതികൾ ഉണ്ടായിരുന്നതായി എക്സൈസ് അധികൃതർ അറിയിച്ചു. കേസെടുത്ത് പ്രതിയെ തിരൂർ കോടതിയിൽ ഹാജരാക്കി. കോടതി 11 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

0 Comments