ad

Ticker

6/recent/ticker-posts

തണലൊരുക്കിയവർക്ക് നന്ദി പറഞ്ഞു കുഞ്ഞുമൊയ്തീൻ മടങ്ങുന്നു

ദുബായ് :പ്രവാസജീവിതത്തിൽ താങ്ങും,തണലുമായിരുന്നവർക്ക് നന്ദി പറഞ്ഞു കുഞ്ഞിമൊയ്തീൻ നാട്ടിലേക്ക് മടങ്ങുന്നു.28 വർഷത്തെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന കുറ്റിപ്പുറം ചെമ്പിക്കൽ സ്വദേശി കുഞ്ഞി മൊയ്തീൻ  പാറപ്പുറത്താണ് തനിക്ക് ജീവിതം മാർഗം ഒരുക്കിതന്നവർക്ക് നന്ദി പറഞ്ഞു കൊണ്ട് നാടണയുന്നത്. ഇദ്ദേഹം കഴിഞ്ഞ 28 വർഷവും അവീറിലെ എ എ കെ ഇന്റർനാഷണൽ  ഗ്രുപ്പ് ഓഫ് കമ്പനിയിലാണ്  ജോലി ചെയ്തുവരുന്നത്. കഴിഞ്ഞ ദിവസം സഹപ്രവർത്തകർ ചേർന്ന് കുഞ്ഞിമൊയ്തീന് സ്നേഹോഷ്മളമായ യാത്രയയപ്പ് നൽകി. എ എ കെ ഗ്രുപ്പ് മാനേജിംഗ് ഡയറക്ടർ  മുസ്തഫയുടെ നേതൃത്വത്തിലാണ് ചടങ്ങ് ഒരുക്കിയത്.യാത്രയയപ്പ് ചടങ്ങിൽ  എ എ കെ ഗ്രുപ്പ് ഡയറക്ടർമാരായ നൗഷാദ് അലി, ഷെരീഫ്, ജനറൽ മാനേജർ ഉമ്മർ, ഇ- കൊമേഴ്സ് ഓപ്പറേഷൻ മാനേജർ അനീഷ് കുമാർ, സൂപ്പർവൈസർമാരായ സത്താർ, സലാം പാടൂർ, കെ പി മുഹമ്മദ്‌, ഷെഫീഖ്  തുടങ്ങിയവരും നൗഷാദ്,കരീം, ഇഖ്ബാൽ, സുധീർ എന്നിവരും സംബന്ധിച്ചു. എഎകെ മുസ്തഫ  മൊമെന്റോ സമ്മാനിച്ചു 
1993-ൽ പാറപ്പുറത്ത് ബാവ ഹാജി അയച്ച വീസയിലാണ് കുഞ്ഞി മൊയ്തീൻ പ്രവാസ ജീവിതത്തിലേക്ക് എത്തുന്നത്.കോഴിക്കോട് നിന്ന് ഷാർജയിലേക്കുള്ള എയർ ഇന്ത്യയുടെ വിമാനത്തിലാണ്  യു എ ഇ -യിലേക്ക് വന്നത്.ദുബായ് ഫിഷ് മാർക്കറ്റിലെ ചുമട്ട് തൊഴിലാളിയായാണ് ജോലി ആരംഭിക്കുന്നത്.തുടർന്ന് ഒരേ-കമ്പനിയിൽ മൂന്നുപതിറ്റാണ്ടിന് അടുത്ത് വിവിധ സെക്ഷനുകളിൽ ജോലി ചെയ്തു.നല്ല നാളുകള്‍ക്കായി സ്വപ്നത്തേരിലേറി കുഞ്ഞിമൊയ്തീൻ  കഠിനാദ്ധ്വാനം ചെയ്തു തന്റെ നിയോഗത്തെ സമ്പന്നമാക്കി. പ്രവാസത്തിന്റെ വിരഹനൊമ്പരങ്ങള്‍ ഉള്ളിലൊതുക്കി രാപ്പകല്‍ പണിയെടുത്ത്  കുടുംബത്തിനും ജീവിക്കാനുള്ള അത്യാവശ്യ  വകകൾ കണ്ടെത്തി. വീടുവച്ചു. മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകി. അവരിൽ രണ്ടുപേരെ  തന്റെ കമ്പനിയിൽ തന്നെ ജോലിയ്ക്ക് കയറ്റാനും സാധിച്ചു 
ജീവിതമാർഗം തേടിയെത്തുന്നവരുടെ രക്ഷക ഭൂമിയായ യു എ ഇ യിൽ തനിക്ക് തണൽ  ഒരുക്കിയവരോട് തീരാത്ത കടപ്പാടുകൾ ബാക്കിവെച്ചാണ് കുഞ്ഞി മൊയ്തീൻ മടങ്ങുന്നത്. പ്രത്യേകിച്ച് എഎകെ ഗ്രുപ്പ് സ്ഥാപകൻ  പാറപ്പുറത്ത്  ബാവ ഹാജി, സിഇഒ മുഹമ്മദലി തയ്യിൽ, എംഡി എ എ കെ മുസ്തഫ എന്നിവരോട്.തന്റെ ജീവിതത്തിന് തണൽ ഒരുക്കിയവരാണ് ഇവർ. അവർ നൽകിയ പിന്തുണ ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്തതാണെന്ന് കുഞ്ഞി മെയ്തീൻ  പറഞ്ഞു. ജോലി അവസാനിപ്പിക്കാൻ മനസ്സ് സമ്മതിക്കുന്നില്ലങ്കിൽ ചില ആരോഗ്യ പ്രശ്നം മൂലമാണ് ഇദ്ദേഹം പ്രവാസം അവസാനിപ്പിക്കുന്നത്.

Post a Comment

0 Comments