തിരുവനന്തപുരം : പ്രശസ്ത പ്രകൃതി വന്യജീവി ഫോട്ടോഗ്രാഫർ ബിജുകാരക്കോണവും പ്രശസ്ത വിഷുവൽ എഫെക്ട്സ് ഡിറക്ടറും സിനിമ സംവിധായകനുമായ സൂരജ് ശ്രീധറും ചേർന്ന് തയാറാക്കുന്ന ഹർസ്വചിത്രമാണ് ഒരേ പകൽ. അടിമാലിക്ക് അടുത്തുള്ള കുറത്തിക്കുടി എന്ന ഗോത്രവർഗ ഊരിലെ കുട്ടികളും പ്രദേശ വാസികളും ആദ്യമായി ക്യാമറക്കു മുന്നിലേക്ക് എത്തുന്നു.
ഉൾക്കാടുകളിലെ ഗോത്ര ജീവിതം പതിവുശീലങ്ങളാൽ നിയന്ത്രിതമാണ്, തലമുറകൾ ആവർത്തിച്ച ഗതിക്രമമാണ് ഇന്നും പുലർന്നുവരുന്നത്, കോഴികൂവുന്നതോടെ ഗോത്ര ഊരുകൾ ഉണർന്നു തുടങ്ങും, എട്ടു മണിയോടെ ഉള്ളത് വേവിച്ചു കഴിച്ച് സ്ത്രീകളും കുട്ടികളുമടങ്ങുന്ന കുടുംബങ്ങൾ കൂട്ടം ചേർന്ന് ജീവിത സമ്പാദന മാർഗ്ഗങ്ങൾ തേടി വിരിപ്പിലേയ്ക്കും വനവിഭവശേരണത്തിനുമായി യാത്രയാവും, മാതാപിതാക്കൾ കൊച്ചു കുട്ടികളെ മുതുകത്തു കെട്ടിയാണ് യാത്രയാവുക, അഞ്ചു വയസു കഴിഞ്ഞാൽ മിക്ക ഗോത്ര ഊരിലേയും കുട്ടികൾ സ്വതന്ത്ര ജീവിതം നയിക്കുന്നവരാണ്, ഇവരിൽ രക്ഷിതാക്കളോ മുതിർന്നവരോ കൂടുതൽ നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്താറില്ല. കുട്ടിസംഘങ്ങൾ അവരാ ലാവുന്നവ സമ്പാതിക്കാനായി ഉൾക്കാടുകളിലേയ്ക്ക് യാത്രയാവും', നിരക്ഷരരായ കുടിവാസികൾ വിദ്യാഭ്യാസത്തെക്കുറിച്ച് ഉൾക്കാഴ്ചകളൊന്നുമില്ലാത്തവരാണ്, പുറം ലോകവുമായി കൂടുതൽ ബന്ധമില്ലാത്ത ഇവർക്ക് വിദ്യാഭ്യാസത്തിൻ്റെ ആവശ്യകതയെ ക്കുറിച്ച് ഗ്രാഹിയൊന്നുമില്ല,
വന്യമൃഗ സാന്നിധ്യമുള്ള കാട്ടുപാതയിലൂടെ ഒരു പകൽ നടന്നാൽ എത്താവുന്ന ദൂരത്തിലാണ് ഈ ഗോത്ര ഊരുകൾ സ്ഥിതി ചെയ്യുന്നത്, ഇത്തരം മേഖലയിലെ കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസം ലക്ഷ്യം വച്ചു കൊണ്ട് സർക്കാർ ഏകാധ്യാപക വിദ്യാലയങ്ങൾ സ്ഥാപിച്ചിരിക്കുന്നത്, ഏകാധ്യാപക വിദ്യാലയങ്ങളിൽ നിയോഗിക്കപ്പെടുന്ന അധ്യാപകർ നേരിടുന്ന പ്രതിസന്ധികൾ നിരവധിയാണ്, ഇതിൽ ഏറ്റവും വിഷമതയേറിയത് കുട്ടികളെ സ്കൂളിലെത്തിക്കുകയെന്നതാണ്, കുട്ടികളെ പഠിപ്പിക്കുന്നതിനോട് താല്പര്യമൊന്നുമില്ലാത്ത രക്ഷിതാക്കൾ, പുറമേനിന്നെത്തുന്നവരെ കണ്ടാൽ ഭയപ്പെട്ട് കാടുകയറുന്ന സ്ത്രീകളും കുട്ടികളും,
ഇത്തരം ഒരൂ ഊരിൽ എത്തപ്പെട്ട ഒരധ്യാപകൻ്റെ അനുഭവങ്ങളാണ് ഒരേ പകൽ എന്ന കൊച്ചു സിനിമയുടെ പ്രമേയം, കുറത്തിക്കുടി ആദിവാസി ഊരിലെ കുട്ടികളും രക്ഷിതാക്കളുമാണ് ഈ സിനിമയിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്, ഒപ്പം കുറത്തിക്കുടി ഊരിലെ ഏകാധ്യാപകനായ പി കെ മുരളിധരനും കഥാപാത്രമായെത്തുന്നു, ഈ ചിത്രത്തിൽ അഭിനയിക്കുന്ന മുഴുവൻ ആളുകളും ആദിവാസി വിഭാഗത്തിൽ പെട്ടവരാണന്നുള്ള പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്, ഒരു കുടുംബത്തിലെ നാലു തലമുറയിൽ പെട്ടവർ (കൃഷ്ണൻ അദ്ദേഹത്തിൻ്റെ മകൻ ആനന്ദൻ, അനന്ദൻ്റെ മകൾ കന്നി യമ്മ, കന്നി യമ്മയുടെ മക്കളായ വിദ്യാമോൾ, വിദൂ കൃഷ്ണ, കൃഷ്ണൻ്റെ മറ്റ് പേരക്കുട്ടികളായ അമല, അഖില, അജിത് ) തുടങ്ങി നാല് തലമുറയിൽ പെട്ടവർ അഭിനയിച്ചുവെന്ന പ്രത്യേകതയും ഉണ്ട്.
കേരളത്തിന്റെ സാഹചര്യത്തിൽ കുട്ടികളിലെ സ്കൂൾ തല കൊഴിഞ്ഞുപോകൽ വിശകലനം ചെയ്യുമ്പോൾ, കൊഴിഞ്ഞുപോകുന്നവരിൽ ഭൂരിഭാഗവും ചില പാർശ്വവല്കൃത മേഖലകളിലാണെന്നു കാണാം. കൂടുതലായും കൊഴിഞ്ഞുപോക്കു നേരിടുന്ന വിഭാഗങ്ങൾ ആദിവാസി വിഭാഗത്തിൽ പെട്ട കുട്ടികളുമാണ് . അവരുടെ പഠന നൈരന്തര്യമില്ലായ്മയ്ക്കും കൊഴിഞ്ഞുപോക്കിനും പിന്നിൽ സംമൂഹികവും, സാമ്പത്തികവും അനുഭവപരവുമായ നിരവധി കാരണങ്ങളുണ്ട്.കേരളത്തിന്റെ മുഖ്യധാരാ മേഖലകളിൽ സ്കൂൾ പ്രവേശനമോ ഉപരിപഠനമോ സർക്കാർ സേവനങ്ങൾ പ്രായോജനപ്പെടുത്തലോ പ്രശ്നകരമാകാത്തത് ഇത്തരം സേവനങ്ങളുടെ എളുപ്പത്തിലുള്ള ലഭ്യതയും സാമൂഹികരീതിയും അവബോധവും തന്നെയാണ്. വിദൂര ആദിവാസി സമൂഹങ്ങളെ സംബന്ധിച്ചിടത്തോടൽ ഇത്തരം സേവനങ്ങളെ കുറിച്ചുള്ള അറിവും പ്രാപ്യതയും ബുദ്ധിമുട്ടേറിയതാണ്. സമഗ്ര ശിക്ഷ കേരളം BRC അടിമാലിയുടെ നേതൃത്വത്തിൽ ഇത്തരം വിദൂര മേഖലകളിലെ ആദിവാസി ഊരുകൾ ഏറ്റെടുക്കുവാനും തങ്ങളുടെ പ്രവർത്തകരിലൂടെ നിരന്തരമായി സമഗ്രമായ ഇടപെടലുകൾ ഉറപ്പാക്കുവാനും നിരന്തര ശ്രമങ്ങൾ നടത്തിവരികയാണ്.
കൊവിഡ് കാലവിദ്യാഭ്യസത്തിൽ ഏറ്റവും ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നതും ഗോത്രമേഖലയിൽ നിന്നുള്ള കുട്ടികൾ തന്നെയാണ്. ഫോൺ, ഇന്റർനെറ്റ് സൗകര്യങ്ങളുടെ അപര്യാപ്ത മൂലം ഈ കുട്ടികൾക്ക് അധ്യാപകര്യമായി ബന്ധപ്പെടാൻ സാധിക്കാത്ത അവസ്ഥയുണ്ടായി. ഊര് കേന്ദീകരിച്ച് സമഗ്രശിക്ഷാ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഊരു വിദ്യ കേന്ദ്രങ്ങളാണ് ഇവർക്ക് ഏക ആശ്രയം. ഇത്തരത്തിൽ ഒറ്റപ്പെട്ട് പോയ കുട്ടികൾക്ക് മാനസീക ഉണർവ് നൽകുന്നതിനും പഠന താത്പര്യം വർദ്ധിപ്പിക്കുന്നതിനുമായി നാട്ടരങ്ങ് എന്ന പേരിൽ പഞ്ചദിന ക്യാമ്പ് സംഘടിപ്പിച്ചു. ഭാഷ, ഗണിതം, ശാസ്ത്ര വിഷയങ്ങളോടൊപ്പം ഫോട്ടോഗ്രഫി, നൃത്തം, സംഗീതം, ഷോർട്ട് ഫിലിം, ചിത്രരചന തുടങ്ങിയ മേഖലകളേയും പരിഗണിച്ചു കൊണ്ടാണ് നാട്ടരങ്ങ് ക്യാമ്പ് നടന്നത്. ഊരിന്റെ തനത് ഭാഷയേയും സംസ്കാരത്തേയും ഉൾചേർത്താണ് ക്യാമ്പുകൾ നടത്തിയത്. അടിമാലി BRC യിൽ 9 ക്യാമ്പുകളാണ് നടന്നത്.
അടിമാലി BRC യിലെ ഷമീർ സാറിന്റെ നേതൃത്വത്തിൽ മറ്റു സ്പെഷ്യൽ ടീച്ചേഴ്സിന്റെ സഹകരണവും ഈ കൊച്ചുസിനിമയുടെ പിറവിക്കു സഹായകമായി. നാട്ടരങ് 'അതിജീവനത്തിന്റെ ആഹ്ലാദ കൂട്ടായ്മ' എന്ന പേരിനെ അന്വർത്ഥകമാകുന്ന പഞ്ചദിന ക്യാമ്പിൽ നിന്നും കണ്ടെത്തിയ അമല യാണ് സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മറ്റു കുട്ടികളെയും ക്യാമ്പിലെ അവരുടെ പെർഫോമെൻസിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു തിരഞ്ഞെടുത്തത്.
BRC അടിമാലിയിലെ വിഷ്ണു ചന്ദ്ര ബോസും, ഡോക്ടർ ആശയും, ബെറ്റി സൂരജും ചേർന്ന് രചിചിച്ച ഗാനത്തിന് അധ്യാപകൻ ജോണി ആണ് സംഗീതം നൽകിയത്. ഗാനത്തിന് ഈണം നൽകി ആലപിച്ചത് അനിത ടീച്ചർ ആയിരുന്നു. കുറത്തിക്കുടിയിലേ ഏകാധ്യപകനായ മുരളി മാഷിന്റെ ജീവിതാനുഭവത്തിൽ നിന്നും അടർത്തിയെടുത്ത കഥയ്ക്ക് തിരക്കഥ ഒരുക്കി സംവിധാനംചെയ്തത് എറണാകുളം സ്വദേശിയായ സിനിമ സംവിധായകൻ സൂരജ് ശ്രീധർ ആണ്. പ്രശസ്ത പ്രകൃതി-വന്യജീവി ഫോട്ടോഗ്രാഫർ ആയ ബിജു കാരക്കോണം ആണ് ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചത്.






0 Comments