നിലമ്പൂര്:ഗോഡൗണിൽ ഇറക്കാനുള്ള അരിയുമായെത്തിയ ലോറി പിന്നിലേക്ക് ഉരുണ്ടിറങ്ങി മൂന്ന് ബൈക്കുകള് തകര്ന്നു.ബൈക്ക് യാത്രക്കാരില് ഒരാള്ക്ക് പരിക്കേറ്റു. നിലമ്പൂര് മണലൊടി കെ.വി.നാരായണന്കുട്ടി(72)നാണ് പരിക്കേറ്റത്. ഇയാളെ നിലമ്പൂരിലെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചു. തലക്ക് പരിക്കേറ്റ ഇയാള് ചികിത്സയിലാണ്. റോഡില് ആ സമയത്ത് വന്ന മറ്റു യാത്രക്കാര് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
ഇന്നലെ രാത്രി ഏഴരയോടെയാണ് അപകടമുണ്ടായത്. വി.കെ.റോഡില് നിന്നും മണലൊടി റോഡിലേക്കുള്ള ലിങ്ക് റോഡില് ഗോഡൗണിലേക്ക് ചരക്കുമായി വന്ന ലോറി ഗോഡൗണിനുമുന്നില് നിര്ത്തിയിട്ടതായിരുന്നു. ഡ്രൈവര് പുറത്തിറങ്ങിയപ്പോഴേക്കും ലോറി പിന്നിലേക്ക് ഉരുണ്ടുതുടങ്ങി. ഗോഡൗണ് ബില്ഡിംഗ് റോഡിന്റെ കുത്തനെയുള്ള സ്ഥലത്തായതിനാല് പിന്നിലെ ഇറക്കത്തിലൂടെ ലോറി വേഗത്തില് പിന്നോട്ട് നീങ്ങി. ഈ സമയം ഇതുവഴി വന്ന ബൈക്കുകളാണ് അപകടത്തില്പെട്ടത്. ലോറി കയറിയിറങ്ങിയ ബൈക്കുകള് ചതഞ്ഞു. ഇതിലുണ്ടായിരുന്ന യാത്രക്കാര് ബൈക്കുകള് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുയായിരുന്നു. ഇതിനിടയിലാണ് ലോറിയില് തട്ടി ഒരാള്ക്ക് പരിക്കേറ്റത്. ടയറിനടിയില്പെടാതെ പലരും രക്ഷപ്പെട്ടത് അത്ഭുതമായിരുന്നു. തകര്ന്ന ബൈക്കുളില് തട്ടിയാണ് ലോറി നിന്നത്. ഓടിക്കൂടിയ നാട്ടുകാര് പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റി. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര് ആരോപിച്ചു.

0 Comments