വള്ളിക്കുന്നം: കിടപ്പ് രോഗിയായ പ്രസാദിന് പുതുവത്സര സമ്മാനവുമായി സൗഹൃദ വേദി എത്തി .പെയിന്റിംഗ് ജോലിയ്ക്കിടയിൽ കെട്ടിടത്തിനു മുകളിൽ നിന്ന് താഴേക്കു വീണതിനെ തുടർന്ന് കിണറിന്റെ വക്കിൽ തട്ടി വീഴുകയും നട്ടെല്ലും, തലച്ചോറും ക്ഷതം ഏൽക്കുകയും ചെയ്തതു മൂലം ചലനശേഷി നഷ്ടപ്പെട്ട് 7 മാസമായി കിടക്കയിൽ തന്നെ കഴിയുന്ന പ്രസാദിനെ തേടിയാണ് എടത്വ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൗഹൃദ വേദി വീണ്ടും എത്തിയത്.
വാഴപ്ലേത്തു വിളയിൽ ചെറിയാൻ ഡാനിയലിന്റെയും, സാറാമ്മ ചെറിയാന്റെയും മകനാണ് പെയിന്റിംഗ് തൊഴിലാളിയായ ഡാനിയേൽ ചെറിയാൻ (പ്രസാദ്).സുമനസ്സുകളുടെ സഹായത്താൽ നിർമ്മിച്ചു നല്കിയ വീട്ടിലാണ് പ്രായമായ മാതാപിതാക്കളും പോളിയോ വന്നു ശാരിരിക വെല്ലുവിളി നേരിടുന്ന ഭാര്യയും കിലോയ്ഡ് രോഗത്തിന് ചികിത്സ തേടുന്ന മകളും താമസിക്കുന്നത്. പെയിൻ്റിംങ് ജോലിയിൽ നിന്നും ലഭിക്കുന്ന തുകയായിരുന്നു ഏക വരുമാനം.അതും ഇല്ലാതായതോടെ കുടുംബത്തിൻ്റെ താളം തെറ്റി.വിധഗ്ദ്ധ ചികിത്സ നല്കുവാൻ പ്രാപ്തി ഇല്ലാതെ വലയുകയാണ് ഈ കുടുംബം.ക്രിസ്മസ് ദിനത്തിൽ സൗഹൃദ വേദിയുടെയും "ഒരു കൈസഹായ കൂട്ടായ്മ 'യുടെ സഹകരണത്തോടെ പ്രസാദിൻ്റെ ഭവനം സന്ദർശിച്ച് സഹായം നല്കിയിരുന്നു. ആ സമയം കുടുംബത്തിൻ്റെ ബുദ്ധിമുട്ടുകൾ നേരിട്ടു മനസിലാക്കിയ സൗഹൃദ വേദി പ്രസിഡന്റ് ഡോ:ജോൺസൺ. വി ഇടിക്കുള , ജനറൽ സെക്രട്ടറി റെന്നി തോമസ് , ജനറൽ കോർഡിനേറ്റർ
ഡി പത്മജാദേവി, "ഒരു കൈസഹായ കൂട്ടായ്മ' അഡ്മിൻ ഉദയകുമാർ എന്നിവരോട് പുറം ലോകത്തെ വാർത്തകൾ അറിയുന്നതിനും ആരാധനാലയത്തിൽ പോകാൻ സാധിക്കാത്തതുമൂലം വിവിധ ചാനലിലൂടെ ആശ്വാസ വചനങ്ങൾ കേൾക്കുന്നതിനും ഒരു ടെലിവിഷൻ ആവശ്യപെട്ടിരുന്നു. ആ ആഗ്രഹമാണ് ചങ്ങനാശ്ശേരി സമരിറ്റൻ മെഡിക്കൽ സെൻറർ ഡയറക്ടർ ഡോ.ലീലാമ്മ ജോർജിലൂടെ യാഥാർത്ഥ്യമായി.പ്രസാദിൻ്റെ വീട്ടിൽ നടന്ന ലളിതമായ ചടങ്ങ് വള്ളിക്കുന്നം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ബിജി പ്രസാദ് ഉദ്ഘാടനം ചെയ്തു. ജനകീയ സമിതി ജനറൽ സെക്രട്ടറി അനി വർഗ്ഗീസ് അധ്യക്ഷത വഹിച്ചു. സൗഹൃദ വേദി പ്രസിഡൻ്റ് ഡോ.ജോൺസൺ വി. ഇടിക്കുള, സെക്രട്ടറി റെന്നി തോമസ്, ജനറൽ കോർഡിനേറ്റർ ഡി. പത്മജാ ദേവി, ജി കൃഷ്ണൻകുട്ടി നായർ, വി.എസ് ഉദയകുമാരി, കൃഷ്ണകുമാർ, ഉദയകുമാർ എന്നിവർ പ്രസംഗിച്ചു.


0 Comments