ഭാര്യ അറിയാതെ ജോയിന്‍റ് അക്കൗണ്ടിൽനിന്ന് ഒന്നേകാൽ കോടിയോളം രൂപ കാമുകിക്ക് ട്രാൻസ്ഫർ ചെയ്ത സംഭവത്തിൽ 52കാരനും 30കാരിയായ കാമുകിയും അറസ്റ്റിലായി. കോഴിക്കോട് കോടഞ്ചേരി വേളംകോട് കാക്കാനാട്ട് ഹൌസിൽ സിജു കെ ജോസ്(52) ഇയാളുടെ കാമുകി കായംകുളം ഗോവിന്ദമുട്ടം ഭാസുര ഭവനത്തിൽ പ്രിയങ്ക ((30) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കായംകുളം പൊലീസാണ് ഇവരെ ഡൽഹിയിൽനിന്ന് അറസ്റ്റ് ചെയ്തത്.
അമേരിക്കയിൽ നഴ്സായി ജോലി ചെയ്തുവരികയാണ് സിജുവിന്‍റെ ഭാര്യയും തൃശൂർ സ്വദേശിയുമായ യുവതി. ഭാര്യയുടെയും സിജുവിന്‍റെ പേരിൽ ബാങ്ക് ഓഫ് അമേരിക്കയിലും ക്യാപിറ്റൽ വണ്ണിലുമുള്ള ജോയിന്‍റ് അക്കൌണ്ടുകളിൽനിന്നാണ് 1.24 കോടി രൂപ വില വരുന്ന 137938 ഡോളർ സിജു, കാമുകിയായ പ്രിയങ്കയുടെ കായംകുളം എച്ച്ഡിഎഫ്സി ബാങ്ക് അക്കൌണ്ടിലേക്ക് മാറ്റിയത്. സംഭവം മനസിലാക്കിയ സിജുവിന്‍റെ ഭാര്യ കായംകുളം പൊലീസിൽ പരാതി നൽകുകയായിരുന്നു.
പൊലീസ് കേസെടുത്തതോടെ സിജുവും പ്രിയങ്കയും ഒളിവിൽ പോയി. ഇവർ ഡൽഹിയിൽനിന്ന് നേപ്പാളിലേക്ക് കടന്നു. എന്നാൽ നേപ്പാളിൽനിന്ന് തിരിച്ച് ഡൽഹിയിൽ എത്തിയപ്പോഴാണ് ഇരുവരും പിടിയിലായത്. ഡല്‍ഹി എയര്‍ പോര്‍ട്ടിലെ എമിഗ്രേഷന്‍ വിഭാഗം ഇവരെ തടഞ്ഞുവെച്ചു കായംകുളം പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ജെ. ജയ്‌ദേവ് ഐ .പി . എസിന്റെ നേതൃത്വത്തില്‍ കായംകുളം ഡി.വൈ.എസ്.പി അലക്‌സ് ബേബി, സി.ഐ. മുഹമ്മദ് ഷാഫി, എസ്.ഐ. നിയാസ്, പൊലീസുകാരായ ബിനു മോന്‍ , അരുണ്‍ , അതുല്യ മോള്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
0 Comments