കേരളത്തിനെ മുള്‍മുനയില്‍ നിര്‍ത്തുന്ന കെ.റെയിലുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നടന്ന സംവാദത്തില്‍ പദ്ധതി എത്രമാത്രം ഹാനികരമാണെന്ന് വ്യക്തമായിയെന്നും ജനവിരുദ്ധ നയത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നും മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം ആവശ്യപ്പെട്ടു. മലപ്പുറത്ത് നാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ റെയിലുമായി ബന്ധപ്പെട്ട് ആധികാരികമായി സംസാരിക്കാന്‍ കഴിയുന്നവരെ മാറ്റി നിര്‍ത്തി നടത്തിയ സംവാദമായിട്ട് പോലും പദ്ധതിയുടെ ആവശ്യകത ചോദ്യം ചെയ്യപ്പെട്ടു. പദ്ധതി കേരളത്തിന് യോജിച്ചതല്ലെന്ന് നേരത്തെ തന്നെ യു.ഡി.എഫ് സമിതി പഠിച്ചതാണ്. കെ റെയിലുമായി മുന്നോട്ട് പോകുമെന്ന് പറഞ്ഞ സംസ്ഥാന സര്‍ക്കാര്‍ ഇത്തരമൊരു ചര്‍ച്ച നടത്തുന്നത് എന്തിനെന്ന് ആര്‍.വി.ജി മേനോന്‍ ചോദിച്ചത് പ്രസക്തമാണ്. പോലീസിനെയും സി.പി.എം ഗുണ്ടകളെയും ഉപയോഗിച്ച് ഇരകളാക്കപ്പെടുന്നവരെ മര്‍ദ്ധിച്ച്, കേസെടുത്ത ശേഷം നടത്തിയ ചര്‍ച്ചക്ക് എന്ത് അര്‍ത്ഥമാണുള്ളതെന്നും സലാം ചോദിച്ചു. കെ റെയില്‍ സമരം യു.ഡി.എഫ് തുടങ്ങിവെച്ചതല്ല. ജനങ്ങള്‍ തുടങ്ങിയ സമരത്തിന് ഒപ്പം നില്‍ക്കുക മാത്രമാണ് യു.ഡി.എഫ് ഘടക കക്ഷികള്‍ ചെയ്തത്. എന്നാല്‍ ജനങ്ങളെ അടിച്ചൊതുക്കാനാണ് ഇടത് പക്ഷ ഗവണ്‍മെന്റ് ശ്രമിക്കുന്നത്. ജനാധിപത്യ സംവിധാനത്തില്‍ ഇത്തരത്തില്‍ വിജയിക്കാനാകുമെന്ന് ചിന്തിക്കുന്നത് തന്നെ തെറ്റാണ്. കോടിയേരി ബാലകൃഷ്ണന്റെ സംസാരം കേള്‍ക്കുമ്പോള്‍ രണ്ടാം ക്ലാസില്‍ പഠിച്ച മുന്തിരി പറിക്കാന്‍ ചാടിയ കുറുക്കന്റെ കഥയാണ് ഓര്‍മ വരുന്നതെന്നും പി.എം.എ സലാം പറഞ്ഞു.
0 Comments