തൃശ്ശൂർ: ബാങ്ക് അക്കൗണ്ടിൽ അപ്രതീക്ഷിതമായി പണം നിറഞ്ഞതു ആഘോഷമാക്കിയ യുവാക്കൾക്ക് തിരിച്ചടി. കോടിക്കണക്കിനു രൂപ ബാങ്ക് അക്കൗണ്ടുകളിൽ എത്തിയപ്പോൾ ആദ്യം ഞെട്ടിയ യുവാക്കൾ പിന്നീട് ആ പണം ഉപയോഗിക്കുകയായിരുന്നു. എന്നാൽ, ബാങ്കിന്‍റെ തകരാറിനെ തുടർന്ന് നടന്ന ഇടപാടിൽ, ബാങ്ക് പരാതി നൽകിയതിനെ തുടർന്ന് അരിമ്പൂർ സ്വദേശികളായ നിതിൻ, മനു എന്നിവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. സൈബർ ക്രൈം പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. 2.44 കോടി രൂപയാണ് യുവാക്കൾ അക്കൗണ്ടിൽ നിന്ന് ചെലവഴിച്ചത്. അറസ്റ്റിലായ യുവാക്കളിൽ ഒരാളുടെ ബാങ്ക് അക്കൗണ്ടിലാണ് പണം എത്തിയത്. കോടിക്കണക്കിനു രൂപ അപ്രതീക്ഷിതമായി അക്കൗണ്ടുകളിൽ എത്തിയതോടെ യുവാക്കൾ മത്സരിച്ചു പണം ചെലവഴിക്കാനും തുടങ്ങി. അതേ സമയം, പിൻവലിക്കുന്നതിനനുസരിച്ച് പണം വീണ്ടും അക്കൗണ്ടിൽ എത്തിയതോടെ കൂടുതൽ ചെലവഴിക്കാൻ പ്രേരണയായി. ഫോണുകൾ ഉൾപ്പെടെ പല സാധനങ്ങളും യുവാക്കൾ വാങ്ങിയിരുന്നു. ഓഹരി വിപണിയിലേക്കും പണം ഇറക്കി. പലതരം സാധനങ്ങൾ വാങ്ങുകയും കടങ്ങൾ തീർക്കുകയും ചെയ്തു. ആകെ 2.44 കോടി രൂപ ചെലവഴിക്കുകയും ചെയ്തു. അക്കൗണ്ടുകളിലെ പണം മറ്റ് ബാങ്കുകളിലേക്കും മാറ്റി. 171 ഇടപാടുകളാണ് നടത്തിയത്. പണം നഷ്ടപ്പെട്ടതായി ബാങ്ക് പരാതി നൽകിയതിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിക്കുകയും ഉടൻ തന്നെ യുവാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. യുവാവിനു അക്കൗണ്ടുള്ള ബാങ്കും മറ്റൊരു ബാങ്കും തമ്മിലുള്ള ലയന പ്രക്രിയ നടന്നുവരികയായിരുന്നു. ഇതിനിടയിൽ അബദ്ധത്തിൽ കോടിക്കണക്കിനു രൂപ യുവാവിന്‍റെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു. എന്നിരുന്നാലും, ലയന സമയത്തെ സാഹചര്യം മുതലെടുക്കാൻ അവർ ശ്രമിച്ചിരുന്നോ എന്നും സംശയമുണ്ട്.
0 Comments