കോട്ടക്കൽ: എ എൽ പി സ്‌കൂൾ തോക്കാംപാറ 69ആം വാർഷികാഘോഷവും ഈ അധ്യയന വർഷം ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുന്ന എൽസി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. കോട്ടക്കൽ മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്‌സൺ റംല ടീച്ചർ ഉദ്ഘാടനം ചെയ്തു.
മുൻ വർഷം എൽ എസ് എസ് നേടിയ പത്ത് കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു. വിവിധ മതവിഭാഗങ്ങളെ പ്രതിനിധീകരിച്ചു കൊണ്ടും ഇന്ത്യൻ കലാ-സാംസ്കാരിക തനിമ വിളിച്ചോതുന്നതും ആയ കലാ രൂപങ്ങളെ തിരിച്ചറിയുന്നതിനും ആയി കുട്ടികൾ അവതരിപ്പിച്ച സാസ്കാരിക പരിപാടി ശ്രദ്ധേയമായി. വിദ്യാലയത്തിലെ ഭിന്നശേഷി വിദ്യാർത്ഥിയായ മൂന്നാം ക്ലാസിലെ മാസിന്റെ നേതൃത്വത്തിൽ നടന്ന അറബിക്ക് ഡാൻസ് പൊതു വിദ്യാലയങ്ങളിൽ എല്ലാ വിഭാഗത്തിൽ പെടുന്ന കുട്ടികൾക്കും തുല്യ പരിഗണന നൽകുന്നതിന്റെ ഉത്തമ ഉദാഹരണമായി.
ഭക്ഷണം പാഴാക്കി കളയുന്നത് എത്രമാത്രം പാപമാണെന്നും വിശപ്പിന്റെ വിലയും ആഹാരത്തിന്റെയും മൂല്യവും എത്രത്തോളം മഹത്വമാണെന്നും ഉള്ള തിരിച്ചറിവ് സമൂഹത്തിന് നൽകാനായി നാലാം ക്ലാസിലെ കൊച്ചു കലാകാരി നടത്തിയ ഏകാംഗനാടകം കാണികൾ ഹർഷാരവത്തോടെയാണ് ഏറ്റുവാങ്ങിയത്. മലയാളത്തിലെ മഹാകവി ഇടശ്ശേരി ഗോവിന്ദൻ നായരുടെ പുതപ്പാട്ട് എന്ന കവിതയുടെ ദൃശ്യാവിഷ്കരണം രണ്ടാം ക്ലാസിലെ കുട്ടികൾ അവതരിപ്പിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു. മാതൃത്വം എന്ന വികാരം കുട്ടികൾ നിറഞ്ഞാടിയപ്പോൾ കാണികളിൽ അത് അത്ഭുതവും സന്തോഷവും നിറച്ചു.
പ്രീപ്രൈമറി, 1 മുതൽ 4 വരെ ക്ലാസുകളില കുട്ടികളുടെ വിവിധ കലാ പ്രവർത്തനങ്ങൾ വേദിയിൽ നിറഞ്ഞാടി. വിദ്യാലത്തിലെ അധ്യാപകരുടെ ശിക്ഷണത്തിലൂടെ ആണ് ഇത്രയും കുരുന്നുകൾ വേദിയിൽ എത്തിയത്. എല്ലാ അധ്യാപകരും ചേർന്ന് വേദിയിൽ ഒത്തൊരുമിച്ച് നാടൻ പാട്ടും വിവിധ ഗാനങ്ങളും അവതരിപ്പിച്ചത് കുട്ടികൾക്കും രക്ഷിതാക്കൾക്കും പുതിയൊരു അനുഭവമായി മാറി. രക്ഷിതാക്കൾക്കും കുട്ടികൾക്കും ഭക്ഷണ വിതരണം നടത്തി. പ്രാദേശിക സന്നദ്ധ പ്രവർത്തകരുടെ കീഴിൽ പാനീയ വിതരണവും നടന്നു.
പി ടി എ പ്രസിഡന്റ് ബിജു കെ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ മറിയാമു ഉപഹാര സമർപ്പണം നടത്തി. വാർഡ് കൗൺസിലർമാരായ ഹസീന മണ്ടായപ്പുറം, സനില പ്രവീൺ, നുസൈബ അൻവർ, മുഹമ്മദ് കെ, എം ടി എ പ്രസിഡന്റ് സുകന്യ, മുജീബ് റഹ്‌മാൻ, പ്രധാനാധ്യാപകൻ ജയകൃഷ്ണൻ ഇ, എൽസി വർഗീസ്, പ്രവീൺ കെ എന്നിവർ സംബന്ധിച്ചു.
0 Comments