ആരാധനാലയം നിര്‍മിക്കാന്‍ എന്‍.ഒ.സി അനുവദിച്ച ശേഷം കെട്ടിട നിര്‍മാണ പെര്‍മിറ്റ് അനുവദിച്ചില്ലെന്ന പരാതിയില്‍ സംഭവവുമായി ബന്ധപ്പെട്ട എല്ലാ രേഖകളുമായി കമ്മീഷന്‍ ആസ്ഥാനത്ത് ഹാജരാവാന്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ നിര്‍ദ്ദേശം. കമ്മീഷന്‍ അംഗം എ. സൈഫുദ്ദീന്‍ ഹാജിയുടെ അധ്യക്ഷതയില്‍ ഇന്നലെ (ജൂലൈ 17) മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന അദാലത്തിലാണ് നിര്‍ദ്ദേശം. മമ്പുറം വി.കെ പടി ഇശാഅത്തുല്‍ ഉലൂം സംഘം സെക്രട്ടറി നല്‍കിയ പരാതിയില്‍ എ.ആര്‍ നഗര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 14 ല്‍ പെട്ട സ്ഥലത്ത് ആരാധനാലയം നിര്‍മിക്കുന്നതിനായി 2023 ജൂണ്‍ രണ്ടിന് പരാതിക്കാരന്‍ അപേക്ഷ നല്‍കിയിരുന്നു. തുടര്‍ന്ന് നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം നവംബര്‍ 13 ന് ഗ്രാമപഞ്ചായത്ത് ഭരണസമിതി ആരാധനാലയം നിര്‍മിക്കാന്‍ എന്‍.ഒ.സി അനുവദിക്കുകയും ചെയ്തു. പിന്നീട് രണ്ടാഴ്ചയ്ക്കു ശേഷം ബില്‍ഡിങ് പെര്‍മിഷന്‍ ഫീ അടക്കാനെത്തിയപ്പോള്‍ ഫീ സ്വീകരിക്കാതെ തിരിച്ചയക്കുകയായിരുന്നുവെന്നാണ് പരാതി. തുടര്‍ന്ന് പരാതിക്കാരന്‍ കമ്മീഷനെ സമീപിച്ചു. സംഭവത്തില്‍ നിയമപരമല്ലാത്ത ഇടപെടല്‍ നടന്നുവെന്ന് നിരീക്ഷിച്ച കമ്മീഷൻ പ്രസ്തുത ആരാധനാലയ നിര്‍മാണവുമായി ബന്ധപ്പെട്ട എല്ലാ രേഖകളുമായി ഒരാഴ്ചക്കുള്ളില്‍ തിരുവനന്തപുരത്തെ കമ്മീഷന്‍ ആസ്ഥാനത്ത് ഹാജരാവാന്‍ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ സ്ഥലപരിമിതി മൂലമുള്ള ബുദ്ധിമുട്ട് പരിഹരിക്കുന്നതിനും കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മഞ്ചേരി മുസ്‍ലിം ജമാഅത്ത് കമ്മിറ്റി നല്‍കിയ പരാതിയും കമ്മീഷന്റെ പരിഗണനയ്ക്കെത്തി. മെഡിക്കല്‍ കോളേജില്‍ കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ നടപ്പാക്കി വരികയാണെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ കമ്മീഷനെ അറിയിച്ചു. അദാലത്തില്‍ 14 കേസുകളാണ് പരിഗണിച്ചത്. ഇതില്‍ രണ്ടു പരാതികള്‍ തീര്‍പ്പാക്കി. 12 പരാതികള്‍ വിശദമായ വാദം കേള്‍ക്കലിനായി അടുത്ത സിറ്റിങിലേക്ക് മാറ്റി. പുതുതായി മൂന്നു പരാതികളും ലഭിച്ചു.
0 Comments