ad

Ticker

6/recent/ticker-posts

എടത്വ വികസന  സമിതി പ്രതിഷേധ സമരം സംഘടിപ്പിച്ചു.

എടത്വ:കെഎസ്ആർടിസി ഡിപ്പോയുടെ അടിസ്ഥാന സൗകര്യങ്ങള്‍  വർദ്ധിപ്പിക്കണമെന്നും നിർത്തലാക്കിയ സർവീസുകൾ പുനരാരംഭിക്കണമെന്നാ വശ്യപ്പെട്ട് എടത്വ വികസന സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി.  വൈസ് പ്രസിഡന്റ് ജോർജ്ജ് തോമസ് കളപ്പുരഅധ്യക്ഷത വഹിച്ചു.പ്രസിഡന്റ്  ഐസക്ക് എഡ്വേർഡ് ഉദ്ഘാടനം ചെയ്തു.ജോ. സെക്രട്ടറി ഷാജി തോട്ടുകടവിൽ പ്രമേയം  അവതരിപ്പിച്ചു.രക്ഷാധികാരി ഷാജി മാധവൻ,ട്രഷറർ  കുഞ്ഞുമോൻ പട്ടത്താനം,   വൈസ് പ്രസിഡന്റ് പിഡി. രമേശ്കുമാർ,ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി.ഇടിക്കുള,ജോ. സെക്രട്ടറി ടോമിച്ചന്‍ കളങ്ങര,പി.സി.ജോസഫ്,  ബാബു കണ്ണന്തറ,സാബു മാത്യു കളത്തൂർ, ഷാജി മോൻ ജോസഫ്  എന്നിവർ  പ്രസംഗിച്ചു.

എടത്വ ,തകഴി, അമ്പലപ്പുഴ വഴി ആലപ്പുഴയിലേക്ക്  ഉള്ള ബസ് തിരുവല്ലയില്‍ നിന്നും  ഇപ്പോൾ ഏറ്റവും ഒടുവിലായി പുറപ്പെടുന്നത് രാത്രി 9 മണിക്കാണ്.അതിന്  ശേഷം ഈ ഭാഗത്തേക്ക് ബസുകള്‍  ഇല്ലാത്തത് സാധാരണക്കാരായ യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കിയിരി കുകയാണ്.മുൻ കാലങ്ങളിൽ രാത്രി 10.10ന് ആയിരുന്നു  ഈ ഭാഗത്തേക്ക് ഏറ്റവും ഒടുവിലായി ഉള്ള ബസ് സർവീസ് .സാമ്പത്തീക നഷ്ടം പറഞ്ഞ് ആ സർവ്വീസ് നിറുത്തലാക്കി. യാത്രക്കാരുടെ പ്രതിഷേധത്തെ തുടർന്ന്  സർവീസ്  പുനരാരംഭിക്കുകയും ചെയ്തിരുന്നു.

ദൂരെ സ്ഥലങ്ങളില്‍  പോയി ദിവസ വേതനത്തിൽ ജോലി കഴിഞ്ഞ് എത്തുന്ന സാധാരണക്കാരായ യാത്രക്കാർക്ക് അമ്പലപ്പുഴ ഭാഗത്തേക്ക് എത്തുന്നതിനുള്ള  ഉള്ള  ഏക  ആശ്രയം കെ.എസ്ആർ.ടി.സി ബസ് മാത്രമാണ്.ദേശസാത്കൃത  റോഡ് ആയതിനാൽ  ഈ വഴി സ്വകാര്യ ബസ്  സർവ്വീസ് ഇല്ല.

കെഎസ്ആര്‍ടിസി എടത്വ ഡിപ്പോയില്‍ ഡ്രൈവര്‍മാരില്ലാതെ  സര്‍വ്വീസുകൾ  മുടങ്ങുന്നത് പതിവ്  സംഭവമാകുന്നു. കഴിഞ്ഞ ദിവസം രാവിലെ 8 മണിക്ക് പുറപ്പെടേണ്ട എടത്വ-പാരാത്തോട്, 7 ന് എടത്വ-കണ്ടങ്കരി-ആലപ്പുഴ, 7.20ന് എടത്വ-ഹരിപ്പാട്, 8.20ന് എടത്വ-കളങ്ങര-ചങ്ങനാശ്ശേരി എന്നിവ കൂടാതെ അമ്പലപ്പുഴ-തിരുവല്ല റൂട്ടില്‍ രണ്ട് ചെയിന്‍ സര്‍വ്വീസുമാണ് മുടങ്ങിയത്. ഡിപ്പോയില്‍ 9 ഡ്രൈവര്‍മാരുടെയും 3 കണ്ടക്ടര്‍മാരുടെയും കുറവുണ്ട്.ജീവനക്കാരുടെ അഭാവമാണ് സര്‍വ്വീസിനെ ബാധിച്ചത്. ഉള്ള ജീവനക്കാരാവട്ടേ ലീവിനു പോലും പോകാതെ ഡിപ്പോയില്‍ താമസിച്ച് ജോലി ചെയ്യേണ്ട അവസ്ഥയാണ്.
    പ്രാദേശിക റൂട്ടിലെ ബസ് സര്‍വ്വീസ് മുടക്കുന്നത് യാത്രക്കാരെ ഏറെ വലയ്ക്കുന്നുണ്ട്. മങ്കൊമ്പ് സിവില്‍ സ്റ്റേഷനിലെ വിവിധ ഓഫീസുകളില്‍ എത്തേണ്ട ജീവനക്കാരും ഗുണഭോക്താക്കളും മറ്റ് യാത്രക്കാരുമാണ് കടുത്ത ദുരിതം അനുഭവിക്കേണ്ടി വന്നത്. എസി റോഡുമായി ബന്ധിപ്പിക്കുന്ന ബൈറൂട്ടില്‍ ഒരു സര്‍വ്വീസ് മുടങ്ങിയാല്‍ പിന്നീട് നാല് മണിക്കൂറിലേറെ കാത്ത് നില്‍ക്കണം.സംസ്ഥാന പാതയിലെ അവസ്ഥയും വ്യത്യസ്ഥമല്ല. മണിക്കൂറുകള്‍ കൂടുമ്പോള്‍ വരുന്ന ചെയിന്‍ സര്‍വ്വീസാണ് യാത്രക്കാരുടെ ആശ്രയം. ഈ സര്‍വ്വീസ് മുടങ്ങിയാല്‍ ബസ് കാത്ത് വഴിയരികില്‍ നില്‍ക്കേണ്ട അവസ്ഥയാണ്. 
   സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ജീവനക്കാരുടെ അഭാവം കടുത്ത പ്രതിസന്ധി സൃഷ്ടിക്കും. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും സമയത്ത് സ്‌കൂളില്‍ എത്താനോ തിരികെ വീട്ടില്‍ പോകാനോ കഴിയാത്ത സ്ഥിതി വരും. ഗതാഗത വകുപ്പ് ഇടപെട്ട് എടത്വ ഡിപ്പോയില്‍ ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും അഭാവം പരിഹരിക്കണമെന്ന്  എടത്വ വികസന സമിതി ആവശ്യപ്പെട്ട്  സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രിയ്ക്കും,തോമസ്  കെ തോമസിനും  നിവേദനം നല്‍കി. 

Post a Comment

0 Comments