എടത്വ: നടവഴിയിലെ വെള്ളക്കെട്ട് മൂലം തലവടിയിൽ മൃതദേഹം തുരുത്തിലെ ഭവനത്തിലെത്തിച്ചത് ചുമന്ന്.തലവടി ഗ്രാമ പഞ്ചായത്ത് 13-ാം വാർഡിൽ കുന്തിരിക്കൽ പുതുപുരയ്ക്കൽ ഡേവിഡ് കുരുവിളയുടെ (അച്ചൻകുഞ്ഞ് - 60) മൃതദേഹം ആണ് യുവാക്കൾ ചുമന്ന് വീട്ടില്‍ എത്തിച്ചത്.
ആനപ്രമ്പാൽ തെക്ക് ചെത്തിപുരയ്ക്കൽ ഗവ. എൽ പി സ്കൂളിന് സമീപം ചാലിയാടി പാടശേഖരത്തിന് നടുവിലാണ് പതിറ്റാണ്ടുകളായി പുതുപുരയ്ക്കല്‍ ഡേവിഡും കുടുംബം താമസിച്ചിരുന്നത്. ഇവിടേക്ക് നടന്നു പോകാൻ ഉള്ള നടവഴി മാത്രമാണ് ഉള്ളത്. കൃഷി സമയത്ത് വരമ്പിലൂടെ മാത്രം ആണ് സഞ്ചരിക്കുന്നത്. കൊയ്ത്ത് കഴിഞ്ഞാൽ ഇവിടെയുള്ളവർക്ക് പ്രധാന റോഡിലെത്താൻ 350 മീറ്ററോളം വെള്ളക്കെട്ടിലൂടെ സഞ്ചരിക്കണം.വേനൽ ക്കാലത്തും വെള്ളപ്പൊക്കെ സമയത്തും കടുത്ത ശുദ്ധജല ക്ഷാമമാണ് ഇവർ നേരിടുന്നത്. വെള്ളപൊക്ക സമയത്ത് 5 കുടുംബങ്ങൾ താമസിക്കുന്ന ഈ തുരുത്തിലേക്ക് എത്തിപെടുന്നത് ഏറെ ക്ലേശകരമാണ്. ചെറു വള്ളം ഉപയോഗിച്ച് ഇവർ പ്രധാന റോഡിൽ എത്തിയാലും രോഗം ബാധിച്ചാൽ കസേരയിൽ ഇരുത്തി 350 മീറ്റർ ചുമന്നാൽ മാത്രമെ റോഡിൽ എത്തിക്കാൻ സാധിക്കൂ.
ഡേവിഡിന് അസുഖം ബാധിച്ചപ്പോൾ ബന്ധുക്കളും നാട്ടുകാരും ചേർന്ന് സ്ട്രച്ചറിൽ കിടത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്.രോഗം കടുത്തതോടെ ഡയാലിസിസിന് വിധേയനാക്കിയെങ്കിലും മരണപെടുകയായിരുന്നു.
മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന സംസ്ക്കാരത്തിനായി മൃതദേഹം ഇന്നലെ പ്രദേശവാസികൾ വീട്ടില്‍ എത്തിച്ചു.നാട്ടുകാര്‍ക്ക് ഏറെ പ്രിയപ്പെട്ട തങ്ങളുടെ ഒരുനോക്ക് കാണാനും അന്ത്യാഞ്ജലി അര്‍പ്പിക്കുവാനും നൂറുകണക്കിന് ആളുകള്‍ പാട ശേഖരത്തിലെ വെള്ളക്കെട്ടിലൂടെ എത്തുന്നതിന് തടസ്സം ഉള്ളതിനാൽ പ്രധാന റോഡിനരികിലെ പുരയിടത്തിൽ പന്തൽ ഒരുക്കി ശുശ്രൂഷകള്‍ നടത്തി പാണ്ടങ്കരി സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയില്‍ സംസ്ക്കരിച്ചു.
തുരുത്തിലെ കുടുംബങ്ങളുടെ യാത്രക്ലേശവും ശുദ്ധജല ക്ഷാമവും പരിഹരിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ക്കാര ചടങ്ങിലെത്തിയ പൊതു പ്രവർത്തകൻ തലവടി സൗഹൃദ നഗറിൽ വാലയിൽ ബെറാഖാ ഭവനിൽ ഡോ.ജോൺസൺ വി ഇടിക്കുള സംസ്ഥാന മുഖ്യമന്ത്രിക്കും, സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും,കുട്ടനാട് എംഎൽഎ തോമസ് കെ തോമസിനും , ജില്ലാ കളക്ടർക്കും നിവേദനം നല്‍കി.

0 Comments