ad

Ticker

6/recent/ticker-posts

രധുനയ്ക്ക് ആദരം – “അവൾ പഠിക്കട്ടെ” ഹ്രസ്വചിത്രം ദേശീയ ശ്രദ്ധയിൽ

Uploaded Image

കോട്ടക്കൽ: പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് പരിപാടിയുടെ പ്രാധാന്യം ചർച്ച ചെയ്യുന്ന “അവൾ പഠിക്കട്ടെ” എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയയായ കോട്ടക്കൽ രാജാസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനി രധുനയെ മുൻ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ വീട്ടിലെത്തി ആദരിച്ചു.

പെൺകുട്ടികളുടെ സാമൂഹിക സുരക്ഷയും വിദ്യാഭ്യാസവും ഉറപ്പുവരുത്തുന്ന കേന്ദ്രസർക്കാരിന്റെ സുകന്യ സമൃദ്ധി യോജന പദ്ധതിയെ ആസ്പദമാക്കിയുള്ളതാണ് “അവൾ പഠിക്കട്ടെ” എന്ന ഹ്രസ്വചിത്രം. ഫ്രയിം ഇന്ത്യാ ഫിലിംസിന്റെ ബാനറിൽ നിർമ്മിച്ച ഈ ചിത്രത്തിൽ മഠത്തിൽ രവി പ്രൊഡക്ഷൻ ഡിസൈനറായും, കെ. സുകുമാരൻ കഥയും തിരക്കഥയും നിർവഹിച്ചപ്പോൾ സുരേഷ് പുറത്തൂർ സംവിധാനം നിർവഹിച്ചു.

യൂട്യൂബിൽ ഇതിനകം തന്നെ പതിനായിരക്കണക്കിന് ആളുകൾ കണ്ട ഈ ചിത്രം ദേശീയ തലത്തിൽ ശ്രദ്ധ നേടിയിട്ടുണ്ട്. ചിത്രത്തിൽ ‘ദേവുട്ടി’ എന്ന കഥാപാത്രമായി രധുന എത്തുന്നത് കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം പഠനം തുടരാൻ പ്രയാസപ്പെടുന്ന ഒരു പെൺകുട്ടിയുടെ വേഷത്തിലാണ്. സമൂഹമാധ്യമങ്ങളിൽ തരംഗമായ ഈ സിനിമയെ മറ്റ് ഭാഷകളിലേക്ക് മൊഴിമാറ്റാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നു.

ആര്യവൈദ്യശാല ധർമ്മാശുപത്രിയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് ഒരുക്കിയ “സ്ഥാപകൻ” എന്ന നാടകത്തിലും രധുന അഭിനയിച്ചിരുന്നു. കോട്ടക്കൽ സരോവരം അവന്യൂവിൽ താമസിക്കുന്ന കോരമ്പറ്റ റികേഷ് ശങ്കരൻ നമ്പൂതിരിയുടെയും, ആര്യവൈദ്യശാലയിലെ ഡോക്ടറായ എം. ദ്യശ്യയുടെയും മകളാണ് രധുന. ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ ഇവർക്കൊരു സഹോദരി രധികയുണ്ട്.

Uploaded Image
ആദരച്ചടങ്ങിൽ ബിജെപി മലപ്പുറം ജില്ലാ പ്രസിഡന്റ് പി. സുബ്രഹ്മണ്യൻ, ജില്ലാ മീഡിയ കൺവീനർ, മഠത്തിൽ രവി, തിരക്കഥാകൃത്ത് കെ. സുകുമാരൻ, സംവിധായകൻ സുരേഷ് പുറത്തൂർ തുടങ്ങിയവർ പങ്കെടുത്തു.

Uploaded Image
പെൺകുട്ടികളുടെ വിദ്യാഭ്യാസവും സുരക്ഷയും മുൻനിർത്തിയുള്ള സന്ദേശവുമായി “അവൾ പഠിക്കട്ടെ” ശ്രദ്ധ നേടുന്നത് സമൂഹത്തിൽ വലിയ ചർച്ചയ്ക്കാണ് വഴിവെക്കുന്നത്.

Post a Comment

0 Comments