വളാഞ്ചേരി: നാഷണൽ സർവീസ് സ്കീമിന്റെ (എൻ.എസ്.എസ്) ആഭിമുഖ്യത്തിൽ പുറമണ്ണൂർ മജ്ലിസ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ (ഓട്ടോണമസ്) ആഗസ്റ്റ് 14, 15, 16 തീയതികളിലായി മൂന്ന് ദിവസത്തെ സംസ്ഥാനതല റെസിഡൻഷ്യൽ ക്യാംപ് ( യുവ 2.0 ശക്തി) സംഘടിപ്പിക്കുന്നു. ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ക്യാംപിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 300-ലധികം എൻ.എസ്.എസ്. വോളണ്ടിയർമാർ പങ്കാളികളാകും. ആഗസ്റ്റ് 14-ന് ഉച്ചയ്ക്ക് 12.30-ന് മഞ്ഞളാംകുഴി അലി എം.എൽ.എ.
ക്യാംപിന്റെ ഉദ്ഘാടനം നിർവ്വഹിക്കും.തുടർന്ന് ഫറോക്ക് ട്രെയിനിംഗ് കോളേജിലെ നൗഫൽ നയിക്കുന്ന 'ഐസ് ബ്രേക്കിങ്' സെഷൻ നടക്കും. ചടങ്ങിൽ കാലിക്കറ്റ് യൂനിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ സി.പി. ഹംസ ഹാജി, മജ്ലിസ് കോംപ്ലക്സ് ചെയർമാൻ സലീം കുരുവമ്പലം, പ്രിൻസിപ്പാൾ ഡോ. കെ.കെ.മുഹമ്മദ് കുട്ടി, ഡയറക്ടർ നൗഷാദ് എന്നിവർസംബന്ധിക്കും.രണ്ടാം ദിനമായ ആഗസ്റ്റ് 15-ന് പതാക ഉയർത്തലിന് ശേഷം ലഹരിവിരുദ്ധ ബോധവൽക്കരണം (നഷാ മുക്ത) എന്ന വിഷയത്തിൽ ഹരികുമാർ, മാലിന്യസംസ്കരണത്തെക്കുറിച്ച് ജുനൈദ്, ഇന്ത്യൻ ഭരണഘടനയും പൗരധർമ്മവും എന്ന വിഷയത്തിൽ അഡ്വ. വഹാബ് ക്ലാസുകൾ കൈകാര്യം ചെയ്യും. തുടർന്ന് ഭാരതത്തിന്റെ സാംസ്കാരിക വൈവിധ്യം വിളിച്ചോതുന്ന എൻ.എസ്.എസ്. വോളണ്ടിയർമാരുടെ കൾച്ചറൽ പ്രോഗ്രാമും അരങ്ങേറും. മൂന്നാം ദിനത്തിൽ ശൗര്യചക്ര പുരസ്കാര ജേതാവും മുൻ എൻ.എസ്.ജി. കമാൻഡോയുമായ സുബേദാർ മേജർ മനേഷ് പി.വി. 'സ്വച്ഛ് ഭാരത്' എന്ന വിഷയത്തിൽ പ്രത്യേക സെഷൻ നയിക്കും. ആഗസ്റ്റ് 16-ന് നടക്കുന്ന സമാപന സമ്മേളനത്തിൽ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ., സംസ്ഥാന എൻ.എസ്.എസ്. ഓഫീസർ ഡോ. മനു, എൻ.എസ്.എസ്. ജില്ലാ പ്രോഗ്രാം കോഡിനേറ്റർ ഡോ. സമീറ എന്നിവർ പങ്കെടുക്കും. വിദ്യാർത്ഥികളിൽ ദേശസ്നേഹവും സാമൂഹിക പ്രതിബദ്ധതയും വളർത്താൻ ഈ ക്യാംപ് ഏറെ സഹായകരമാകുമെന്ന് സംഘാടകർ അറിയിച്ചു.

0 Comments