ad

Ticker

6/recent/ticker-posts

ബഹ്റൈനിൽ പ്രേം നസീർ ലോക പ്രവാസി പുരസ്കാരങ്ങൾ ഒക്ടോബർ 23ന് സമ്മാനിക്കും

Uploaded Image

മനാമ: പ്രേം നസീർ സുഹൃത് സമിതി ബഹ്റൈൻ ചാപ്റ്ററിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രവാസി മലയാളി കലാപ്രതിഭകൾക്ക് പ്രേം നസീർ ലോക പ്രവാസി പുരസ്കാരങ്ങൾ സമ്മാനിക്കും. തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രേം നസീർ സുഹൃത് സമിതിയാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.

ഇടത്തൊടി ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് സാരഥിയും ചലച്ചിത്ര നിർമാതാവുമായ ഇടത്തൊടി ഭാസ്കരന് പ്രവാസി കർമരത്ന പുരസ്കാരവും ചലച്ചിത്ര നിർമാതാവ് ഫ്രാൻസിസ് കൈതാരത്തിന് പ്രവാസി ചലച്ചിത്ര കർമശ്രേഷ്ഠ പുരസ്കാരവും ഷോർട്ട് ഫിലിം സംവിധായകൻ പ്രകാശ് വടകരയ്ക്ക് പ്രവാസി ഷോർട്ട് ഫിലിം കർമരത്ന പുരസ്കാരവും സമ്മാനിക്കും.

ഷോർട്ട് ഫിലിം സംവിധായകരായ ജയാ മേനോൻ, ലിനി സ്റ്റാൻലി എന്നിവർ പ്രവാസി ചലച്ചിത്ര കലാപ്രതിഭാ പുരസ്കാരങ്ങൾ ഏറ്റുവാങ്ങും. എക്സലൻസ് ഇൻ വിഷ്വൽ, ക്രിയേറ്റീവ് രംഗത്തെ പ്രവർത്തനങ്ങൾക്ക് ജേക്കബ് ബീസിനും ആർട്ട് ആൻഡ് കൾച്ചറൽ രംഗത്തെ പ്രവർത്തനങ്ങൾക്ക് കാത്തു സച്ചിൻ ദേവിനും യുവ കലാപ്രതിഭാ പുരസ്കാരങ്ങൾ നൽകും. സുഹൃത് സമിതി സംസ്ഥാന ജനറൽ സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷയാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.

ഒക്ടോബർ 23 വെള്ളിയാഴ്ച വൈകിട്ട് ഏഴിന് ബഹ്റൈനിലെ സിഖയ്യയിലുള്ള ബി.എം.എസ് ഹാളിൽ നടക്കുന്ന പ്രേം നസീർ സുഹൃത് സ്മൃതി ചടങ്ങിൽ സംവിധായകൻ തുളസിദാസ് പുരസ്കാരങ്ങൾ സമ്മാനിക്കും. ഇടത്തൊടി ഫിലിംസും ബി.എം.സി.യും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

തെക്കൻ സ്റ്റാർ ബാദുഷ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പ്രേം നസീർ സുഹൃത് സമിതി ബഹ്റൈൻ ചാപ്റ്ററിന്റെ ഉദ്ഘാടനം ഫ്രാൻസിസ് കൈതാരത്തും ലോഗോ പ്രകാശനം ഇടത്തൊടി ഭാസ്കരനും നിർവഹിക്കും.

പ്രശസ്ത ഗായകരായ വിജിത ശ്രീജിത്തും അജിത് കുമാറും അവതരിപ്പിക്കുന്ന സ്മൃതിഗീതം ഗാനമേള ഉൾപ്പെടെ വിവിധ കലാപരിപാടികളും ചടങ്ങിന്റെ ഭാഗമായി അരങ്ങേറും. ബഹ്റൈനിലെ പ്രവാസി മലയാളി കലാകാരന്മാരുടെ കഴിവുകൾക്ക് പ്രോത്സാഹനവും അംഗീകാരവും നൽകാൻ പരിപാടി സഹായിക്കുമെന്ന് സംഘാടകർ അറിയിച്ചു.

Post a Comment

0 Comments