ad

Ticker

6/recent/ticker-posts

2,094 പേർ രജിസ്റ്റർ ചെയ്തു; 483 പേർ ഷോർട്ട്‌ലിസ്റ്റിൽ , മങ്കട ബ്ലോക്ക് പഞ്ചായത്തിന്റെ മെഗാ തൊഴിൽമേള തൊഴിലന്വേഷകർക്ക് ആശ്വാസമായി

Uploaded Image

രാമപുരം: തൊഴിലന്വേഷകരെയും തൊഴിൽദാതാക്കളെയും ഒരേ വേദിയിൽ എത്തിച്ച് പ്രാദേശിക തലത്തിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള മങ്കട ബ്ലോക്ക് പഞ്ചായത്തിന്റെ ഇടപെടലുകൾ മാതൃകാപരമാണെന്ന് മങ്കട എംഎൽഎ മഞ്ഞളാംകുഴി അലി പറഞ്ഞു. മങ്കട ബ്ലോക്ക് പഞ്ചായത്തും ജി-ടെക് പെരിന്തൽമണ്ണയും സംയുക്തമായി സംഘടിപ്പിച്ച മെഗാ തൊഴിൽമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മങ്കട ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിൽ നടന്ന തൊഴിൽമേളയിൽ 2,094 ഉദ്യോഗാർഥികളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ 1,840 പേർ ഓൺലൈനായും 254 പേർ സ്പോട്ട് രജിസ്ട്രേഷൻ വഴിയുമാണ് പേര് രജിസ്റ്റർ ചെയ്തത്. 877 ഉദ്യോഗാർഥികൾ നേരിട്ടെത്തി വിവിധ കമ്പനികളുടെ അഭിമുഖങ്ങളിൽ പങ്കെടുത്തു. ഇതിൽ 483 പേരെ തുടർനിയമന നടപടികൾക്കായി വിവിധ കമ്പനികൾ ഷോർട്ട്‌ലിസ്റ്റ് ചെയ്തു.

40-ലധികം പ്രമുഖ കമ്പനികളുടെ പങ്കാളിത്തത്തോടെ 750-ലധികം തൊഴിൽ അവസരങ്ങളാണ് മേളയിൽ ഒരുക്കിയത്. എസ്.എസ്.എൽ.സി, പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ, ഡിഗ്രി, പി.ജി തുടങ്ങിയ വിവിധ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അനുയോജ്യമായ തൊഴിലവസരങ്ങൾ ലഭ്യമാക്കി. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കും വിവിധ മേഖലകളിൽ അവസരങ്ങൾ ഒരുക്കിയിരുന്നു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ജുവൈരിയ ടീച്ചർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം. മജീദ് റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ അബൂബക്കർ മാസ്റ്റർ, കെ.പി. ഹംസ മാസ്റ്റർ, രസ്ന മുനീർ, സി.പി. അബ്ദുറഹ്മാൻ, യു.പി. ഫാത്തിമ, ജില്ലാ പഞ്ചായത്ത് അംഗം ഫൗസിയ പെരുമ്പള്ളി എന്നിവർ സംസാരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ സാദിഖലി പാത്തിക്കൽ, റുമൈസ കുന്നത്ത്, പ്രസീന, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അനീസ് മഠത്തിൽ, റാഫി കുറുപ്പത്താൽ, ഷഫീഖ് മാസ്റ്റർ, അയ്യപ്പൻ ആലുക്കൽ, സബിദ രാജേഷ്, സമീറ തോട്ടോളി, യൂസഫ് മുല്ലപ്പള്ളി, സാബിറ, ആസൂത്രണ സമിതി വൈസ് ചെയർമാൻ ജാഫർ വെള്ളേക്കാട്ട്, ജി-ടെക് പ്രതിനിധി ഫായിസ്, സി.ഡി.എസ് പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുത്തു.

തൊഴിൽമേളയുടെ ലോഗോ തയ്യാറാക്കിയ അൻവർ പള്ളിപ്പുറത്തിനെ ചടങ്ങിൽ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. മുഹമ്മദ് ഹനീഫ പെരിഞ്ചീരി സ്വാഗതവും ജനറൽ എക്സ്റ്റൻഷൻ ഓഫീസർ വി.കെ. കൃഷ്ണപ്രസാദ് നന്ദിയും പറഞ്ഞു.

Post a Comment

0 Comments