ad

Ticker

6/recent/ticker-posts

ബഷീർ രണ്ടത്താണിയുടെ ‘മുഖാമുഖം’ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു


25 പ്രമുഖ വ്യക്തിത്വങ്ങളുമായുള്ള അഭിമുഖങ്ങളുടെ സമാഹാരം; ബഷീറിന്റെ അഞ്ചാമത്തെ പുസ്തകം
Uploaded Image

ഷാർജ: എഴുത്തുകാരനും മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗവുമായ ബഷീർ രണ്ടത്താണി രചിച്ച ‘മുഖാമുഖം’ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു. സംസ്ഥാന ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ ഡോ. എം.കെ. മുനീർ പ്രകാശനകർമം നിർവഹിച്ചു. ചന്ദ്രിക ദിനപത്രത്തിന്റെ മുൻ പത്രാധിപർ നവാസ് പൂനൂർ ആദ്യപ്രതി ഏറ്റുവാങ്ങി.

മറ്റുള്ളവരുടെ കണ്ണിൽപ്പെടാതെ പോകുന്ന വിവരങ്ങൾ കണ്ടെത്തി വായനക്കാരിലേക്ക് എത്തിക്കുമ്പോഴാണ് അഭിമുഖങ്ങൾ ശ്രദ്ധേയമാകുന്നതെന്നും ബഷീർ രണ്ടത്താണിയുടെ അഭിമുഖങ്ങൾ അത്തരത്തിൽ വേറിട്ടുനിൽക്കുന്നവയാണെന്നും ഡോ. എം.കെ. മുനീർ പറഞ്ഞു.

മീഡിയ വൺ മിഡിൽ ഈസ്റ്റ് എഡിറ്റോറിയൽ ഓപ്പറേഷൻ ചീഫ് എം.സി.എ. നാസർ, എഴുത്തുകാരായ മുനവ്വർ വളാഞ്ചേരി, നിസാർ പട്ടുവം, സലീം അയ്യനേത്ത് എന്നിവർ ആശംസകൾ നേർന്നു.

ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്യുന്ന ബഷീർ രണ്ടത്താണിയുടെ അഞ്ചാമത്തെ പുസ്തകമാണിത്. 1990-കൾ മുതൽ ചന്ദ്രിക ദിനപത്രത്തിലും ആഴ്ചപ്പതിപ്പിലുമായി പ്രസിദ്ധീകരിച്ച തിരഞ്ഞെടുത്ത അഭിമുഖങ്ങളാണ് ‘മുഖാമുഖം’ എന്ന പുസ്തകത്തിൽ സമാഹരിച്ചിരിക്കുന്നത്.

കേരളത്തിന്റെ രാഷ്ട്രീയ, സാഹിത്യ, സാമൂഹിക, ചലച്ചിത്ര മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച 25 പ്രമുഖരുമായുള്ള ദീർഘസംഭാഷണങ്ങളാണ് പുസ്തകത്തിന്റെ ഉള്ളടക്കം. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ, ഇ.എം.എസ്. നമ്പൂതിരിപ്പാട്, തകഴി ശിവശങ്കരപ്പിള്ള, വി.എസ്. അച്യുതാനന്ദൻ, മലയാറ്റൂർ രാമകൃഷ്ണൻ, ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ, പി. ഭാസ്കരൻ, ഡോ. പി.കെ. വാര്യർ, ബാലൻ കെ. നായർ, സുഗതകുമാരി, കോട്ടയം പുഷ്പനാഥ് തുടങ്ങിയ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ പുസ്തകത്തിലുണ്ട്.

മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായിൽ, മലയാളത്തിലെ ആദ്യ വനിതാ പത്രാധിപരായ ഹലീമ ബീവി, ആദ്യ റേഡിയോ ജോക്കിയായ സരോജിനി ശിവലിംഗം തുടങ്ങിയവരുമായുള്ള അഭിമുഖങ്ങളും പുസ്തകത്തിന്റെ പ്രത്യേകതയാണ്.

വ്യത്യസ്ത കാലഘട്ടങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളുടെ ജീവിതാനുഭവങ്ങളും നിലപാടുകളും കാഴ്ചപ്പാടുകളും അടയാളപ്പെടുത്തുന്ന അഭിമുഖങ്ങളുടെ സമാഹാരമെന്ന നിലയിൽ ‘മുഖാമുഖം’ ശ്രദ്ധേയമാകുന്നു.

Post a Comment

0 Comments