കോഴിക്കോട് : ടൗണ്‍ഹാളില്‍ നടന്ന വനിതാ കമ്മിഷന്‍ അദാലത്തില്‍ 30 കേസുകള്‍ തീര്‍പ്പാക്കി. ആകെ 90 കേസുകളാണ് അദാലത്തില്‍ പരിഗണിച്ചത്. 54 കേസുകള്‍ അടുത്ത അദാലത്തിലേക്കും ആറെണ്ണം പൊലിസിന്റെയും മറ്റും റിപ്പോര്‍ട്ടുകള്‍ കിട്ടുന്നതിനുമായി മാറ്റിവെച്ചു. ഗാര്‍ഹിക പീഡനം സംബന്ധിച്ച പരാതികളാണ് ഇന്ന് പരിഗണിച്ച കേസുകളിലധികവുമെന്ന് വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ പി സതീദേവി അദാലത്തിന് ശേഷം പറഞ്ഞു. തൊഴിലിടങ്ങളില്‍ സുരക്ഷ ഉറപ്പാക്കുന്ന നിയമമുണ്ടായിട്ടും സുരക്ഷ ലഭിക്കുന്നില്ലെന്നുള്ള സ്ത്രീകളുടെ പരാതികളും ലഭിക്കുന്നുണ്ട്. എല്ലാ തൊഴിലിടങ്ങളിലും സ്ത്രീകള്‍ക്ക് അന്തസോടെ ജോലി ചെയ്യാനുള്ള സംവിധാനം ഉറപ്പു വരുത്തണമെന്നാണ് തൊഴില്‍ ഉടമകളോട് കമ്മിഷന് നിര്‍ദ്ദേശിക്കാനുള്ളത്. മാധ്യമ സ്ഥാപനങ്ങളിലടക്കം, തങ്ങളുടെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് നിയമം അനുശാസിക്കുന്ന തരത്തില്‍ ആഭ്യന്തര പരാതി കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. ഗാര്‍ഹിക പീഡന പരാതികളില്‍ ജില്ലാ തലത്തിലുള്ള വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസേഴ്‌സിന്റെ നേതൃത്വത്തില്‍ ഗാര്‍ഹിക പീഡനം അനുഭവിക്കുന്നവര്‍ക്ക് മതിയായ സുരക്ഷ ഉറപ്പു വരുത്താനും നിര്‍ദ്ദേശം വന്നു കഴിഞ്ഞാല്‍ അത് ശരിയായ രീതിയില്‍ നടപ്പാകുന്നുണ്ടെന്ന് പരിശോധിക്കാന്‍ പൊലിസും ജാഗ്രത കാണിക്കണം. അദാലത്തില്‍ പരിഗണിക്കുന്ന പല പരാതികളിലും എതിര്‍ കക്ഷികള്‍ ഹാജരാകുന്നില്ലെന്ന സാഹചര്യവുമുണ്ട്. നോട്ടീസയച്ചിട്ടും ഹാജരാകാത്ത കേസുകളില്‍ കമ്മിഷന്‍ പൊലിസിന്റെ സഹായം തേടുന്നുണ്ടെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. വനിതാ കമ്മിഷന്‍ അംഗം ഷിജി ശിവജി, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.
0 Comments