ad

Ticker

6/recent/ticker-posts

വീടുപണി നടക്കുന്ന വീടുകൾ ലക്ഷ്യമിട്ട് മോഷണം; നാല് ലക്ഷം രൂപയുടെ കവർച്ച: മൂന്ന് യുവാക്കൾ പിടിയിൽ


Uploaded Image
കോട്ടയ്ക്കൽ: നിർമ്മാണം പുരോഗമിക്കുന്ന വീടുകൾ ലക്ഷ്യമിട്ട് വൈദ്യുതി കേബിളുകളും വയറുകളും നിർമ്മാണ ഉപകരണങ്ങളും മോഷ്ടിച്ച കേസിൽ മൂന്ന് യുവാക്കളെ കോട്ടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തു. വിവിധ കേസുകളിലായി ഏകദേശം നാല് ലക്ഷം രൂപയുടെ മോഷണമാണ് പോലീസ് തെളിയിച്ചത്. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

അറസ്റ്റിലായവർ എടരിക്കോട് പുതുപറമ്പ് നോവപ്പടിയിലെ മൈലിക്കുന്നൻ വീട്ടിൽ സിദ്ദീഖിന്റെ മകൻ മുഹമ്മദ് ഷിഫാൻ എം.കെ. (19), എടരിക്കോട് പുതുപറമ്പ് ചുടലപ്പാറയിലെ താഴത്തേപ്പള്ളിയാലിൽ വീട്ടിൽ ജാഫറിന്റെ മകൻ മുഹമ്മദ് ഫയാസ് ടി.പി. (19), എടരിക്കോട് പുതുപറമ്പ് ചുടലപ്പാറയിലെ ചെമ്മാടൻ വീട്ടിൽ സജീവിന്റെ മകൻ സഞ്ജയ് സി. (19) എന്നിവരാണ്.

ചുടലപ്പാറയിലും പുതുപ്പറമ്പ് ചീനിപ്പടിയിലുമായി നടന്ന മൂന്ന് മോഷണക്കേസുകളിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. വീടുപണി നടന്നുകൊണ്ടിരിക്കുമ്പോൾ സ്ഥാപിച്ചിരുന്ന വൈദ്യുതി വയറിംഗും കേബിളുകളും അഴിച്ചുമാറ്റി അതിലെ ചെമ്പ് വേർതിരിച്ച് വിൽപ്പന നടത്തുന്നതായിരുന്നു പ്രതികളുടെ രീതിയെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. നിർമ്മാണ സ്ഥലങ്ങളിൽ സൂക്ഷിച്ചിരുന്ന ഡ്രില്ലിംഗ് മെഷീൻ, ജിപ്സം മെഷീൻ, ഹാൻഡ് കട്ടർ, ടൈലറിംഗ് മെഷീൻ ഹെഡ് തുടങ്ങിയ ഉപകരണങ്ങളും ഇവർ മോഷ്ടിച്ചതായി പോലീസ് അറിയിച്ചു.

ക്രൈം നമ്പർ 363/2026-ൽ ചുടലപ്പാറയിൽ നിന്ന് രണ്ടര ലക്ഷം രൂപ വിലമതിക്കുന്ന ഇലക്ട്രിക് കേബിൾ, ക്രൈം നമ്പർ 443/2026-ൽ 60,000 രൂപയുടെ ഇലക്ട്രിക് വയറുകൾ, ക്രൈം നമ്പർ 420/2026-ൽ പുതുപ്പറമ്പ് ചീനിപ്പടിയിൽ നിന്ന് 60,000 രൂപ വിലവരുന്ന ഡ്രില്ലിംഗ് മെഷീൻ, ഇലക്ട്രിക് കേബിൾ, ജിപ്സം മെഷീൻ, ഹാൻഡ് കട്ടർ, ടൈലറിംഗ് മെഷീൻ ഹെഡ് എന്നിവ മോഷ്ടിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. മൂന്ന് കേസുകളിലുമായി ആകെ ഏകദേശം നാല് ലക്ഷം രൂപയുടെ മോഷണമാണ് പോലീസ് തെളിയിച്ചിരിക്കുന്നത്.
Uploaded Image

പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. കേസുകളുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണം കോട്ടയ്ക്കൽ പോലീസ് തുടരുകയാണ്.

Post a Comment

0 Comments