ad

Ticker

6/recent/ticker-posts

ഇടതുപക്ഷം നാട്ടിലെ വികസനം മുരടിപ്പിക്കുന്നു : കെ മുരളീധരന്‍

 


മലപ്പുറം: ഇടതുപക്ഷം നാട്ടിലെ വികസന പ്രവര്‍ത്തനങ്ങള്‍ മുരടിപ്പിക്കുകയാണെന്ന് കെ മുരളീധരന്‍ എം പി. മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ ഗ്രാമ സ്വരാജ് ഏകദിന ശില്‍പ്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാട്ടിലെ റോഡുകള്‍ പൊട്ടിപൊളിഞ്ഞ് കിടക്കുന്ന അവസരത്തില്‍ അവ നന്നാക്കാതെ കെ റെയില്‍ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത് തലതിരിഞ്ഞ ഏര്‍പ്പാടാണ്. അത് അംഗീകരിക്കാനാവില്ല. പ്രദേശിക വികസനങ്ങളെല്ലാം ഇല്ലാതാകുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. തുടര്‍ ഭരണം ലഭിച്ച ഇടതു പക്ഷം  കഴിഞ്ഞ അഞ്ചു വര്‍ഷകാലം അവര്‍ ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ തയ്യാറാവുന്നില്ല. യുഡിഎഫ് പകുതിയിലധികം പൂര്‍ത്തിയാക്കിയ പദ്ധതികള്‍ പലതും ഉദ്ഘാടനം ചെയ്ത് എല്ലാം തങ്ങള്‍ ചെയ്തതാണെന്ന് വരുത്തി തീര്‍ക്കുകയായിരുന്നു ഇടതുപക്ഷം ചെയ്തത്.  തുടര്‍ ഭരണം ലഭിക്കുന്നത് നല്ലതു തന്നെ. എന്നാല്‍ ആദ്യം ഭരിച്ചപ്പോള്‍ എന്തു ചെയ്തു എന്ന് ഇടതുപക്ഷ നേതാക്കളും പ്രവര്‍ത്തകരും സ്വയം വിലയിരുത്തണം. ഇടതു പക്ഷം നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അവര്‍ തയ്യാറാവാത്തത് തന്നെ ഭരണത്തിലെ പോരായ്മ വ്യക്തമാക്കുന്നുവെന്നും മുരളീധരന്‍ വ്യക്തമാക്കി.

മുഖ്യമന്ത്രി ചികിത്സക്ക് വിദേശത്തേക്ക് പോകുകയാണ്. കൂടുതല്‍ നല്ല ചികിത്സ നടത്തുന്നത് നല്ലതു തന്നെ. കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളെല്ലാം ലോക നിലവാരത്തിലാണെന്ന് പറയുകയും അത് ലോകത്തിനു മുന്നില്‍ വിളിച്ചു പറയുകയും ചെയ്യുന്ന മുഖ്യമന്ത്രി കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളെയും അവിടെയുള്ള ഡോക്ടര്‍മാരെയും വിശ്വാസത്തിലെടുക്കാത്തതു കൊണ്ടാണ് ചികിത്സക്കായി വിദേശത്തേക്ക് പോകുന്നതെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു.

ഡി സി സി പ്രസിഡന്റ് വി എസ് ജോയ് അധ്യക്ഷത വഹിച്ചു. എ പി അനില്‍കുമാര്‍ എം എല്‍ എ, യു ഡി എഫ് ചെയര്‍മാന്‍ പി ടി അജയ് മോഹന്‍, കെ പി സി സി ജനറല്‍ സെക്രട്ടറിമാരായ  പി എ സലീം, ആര്യാടന്‍ ഷൗക്കത്ത്, ആലിപ്പറ്റ ജമീല, നേതാക്കളായ എ കെ അബ്ദുറഹിമാന്‍, വീക്ഷണം മുഹമ്മദ് , വി ബാബുരാജ് എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments