എടത്വാ: എസ്എൻഡിപി യോഗം കുട്ടനാട് സൗത്ത് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി പുറത്തുനിന്നുള്ള ഭാരവാഹികളെ ഉൾപ്പെടുത്തി പുനഃസംഘടിപ്പിച്ച നടപടിക്കെതിരെ ശാഖാ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗവും സമ്മേളനവും ശനിയാഴ്ച രാവിലെ 10ന് എടത്വാ യൂണിയൻ ഓഫീസിന് മുന്നിൽ നടക്കും.
41 ശാഖകളുള്ള യൂണിയൻ പരിധിയിലെ ശാഖകളുമായി കൂടിയാലോചിക്കാതെയും പൊതുയോഗം വിളിച്ചുചേർക്കാതെയും അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി പുനഃസംഘടിപ്പിച്ചതിൽ പ്രതിഷേധിച്ച് 30ഓളം ശാഖാ ഭാരവാഹികൾ ആഗസ്റ്റ് 19ന് യൂണിയൻ വിളിച്ചുചേർത്ത ഭാരവാഹികളുടെ യോഗം ബഹിഷ്കരിച്ചിരുന്നു.
തുടർന്ന് ശാഖാ കോ-ഓർഡിനേഷൻ കമ്മിറ്റി രൂപീകരിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിക്ക് നിവേദനം സമർപ്പിക്കുകയും ചെയ്തു. യൂണിയൻ പരിധിയിൽ സ്ഥിരാംഗത്വമുള്ളവരെ ശാഖകളുമായി കൂടിയാലോചിച്ച് നേതൃത്വത്തിലേക്ക് കൊണ്ടുവരിക, സംഘടനയുടെ ജനാധിപത്യ സ്വഭാവം സംരക്ഷിക്കുക, യൂണിയന്റെ സ്വത്തും സാമ്പത്തിക വിഭവങ്ങളും സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കമ്മിറ്റി ഉന്നയിക്കുന്നത്.
ഇന്ന് യൂണിയൻ ഓഫീസിന് മുന്നിൽ നടക്കുന്ന പ്രതിഷേധ യോഗത്തിൽ യൂണിയൻ പരിധിയിലെ 30ഓളം ശാഖകളിലെ ഭാരവാഹികൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

0 Comments