നിലമ്പൂരിൽ നിന്ന് കോഴിക്കോട്ടേക്കുള്ള ബസ്സിന്റെ ചക്രം അഴിച്ചെടുത്ത് സൂപ്പർ ഫാസ്റ്റിൽ ഘടിപ്പിച്ചു
തുടർന്ന് ഓടിയത്, പിന്നിലെ ഒരു ചക്രമില്ലാതെ; സംഭവത്തിൽ കെഎസ്ആർടിസി സസ്പെൻഷൻ ഓർഡർ അടിച്ചു കൊടുത്തത് 7 ജീവനക്കാർക്ക്പിന്നിലെ ഒരു ചക്രമില്ലാതെ ബസ് സർവീസ് നടത്തിയ സംഭവത്തിൽ 7 ജീവനക്കാരെ കെഎസ്ആർടിസി സസ്പെൻഡ് ചെയ്തു. നിലമ്പൂർ ഡിപ്പോയിലെ മെക്കാനിക്കുകളായ കെ.പി.സുകുമാരൻ, കെ.അനൂപ്, കെ.ടി.അബ്ദുൽ ഗഫൂർ, ഇ.രഞ്ജിത്ത് കുമാർ, എ.പി. ടിപ്പു മുഹ്സിൻ, ടയർ ഇൻസ്പെക്ടർ എൻ.അബ്ദുൽ അസീസ്, വെഹിക്കിൾ സൂപ്പർവൈസറുടെ ചുമതലയുള്ള കെ.സുബ്രഹ്മണ്യൻ എന്നിവരെയാണ് എക്സിക്യൂട്ടീവ് ഡയറക്ടർ (വിജിലൻസ് ) സസ്പെൻഡ് ചെയ്തത്
2021 ഒക്ടോബർ 7ന് ആയിരുന്നു സംഭവം. രാവിലെ 6ന് നിലമ്പൂരിൽനിന്ന് കോഴിക്കോട്ടേക്കു പോയ ബസിന്റെ പിന്നിൽ ഫുട്ബോഡിന്റെ ഭാഗത്ത് ഒരു ചക്രം കുറവായിരുന്നു. യാത്രയ്ക്കിടെ ശബ്ദം കേട്ടാണ് സംഭവം ശ്രദ്ധയിൽപെട്ടത്. മഞ്ചേരിയിൽ യാത്ര അവസാനിപ്പിച്ചു.വർക്കേഴ്സ് യൂണിയൻ സംസ്ഥാന നിർവാഹക സമിതി അംഗമായ സുകുമാരൻ തലേന്ന് ഡ്യൂട്ടി ചാർജ്മാനായിരുന്നു. അന്ന് ബസിന്റെ സ്പ്രിങ് സെറ്റ് അഴിച്ചുമാറ്റിയത് ലോഗ് ഷീറ്റിൽ രേഖപ്പെടുത്തിയില്ലെന്നാണ് സുകുമാരൻ, അനൂപ്, അബ്ദുൽ ഗഫൂർ, രഞ്ജിത്ത് കുമാർ എന്നിവർക്കെതിരെ കണ്ടെത്തിയ കുറ്റം
ബസിന്റെ ഒരു ടയർ അഴിച്ചെടുത്ത് സുപ്പർ ഫാസ്റ്റിൽ ഘടിപ്പിച്ചു. വിവരം ലോഗ് ഷീറ്റിൽ രേഖപ്പെടുത്തുന്നതിൽ ടയർ ഇൻസ്പെക്ടർ അബ്ദുൽ അസീസ്, ടിപ്പു മുഹ്സിൻ എന്നിവർ വീഴ്ച വരുത്തി. ബസ് സർവീസിന് യോഗ്യമാണെന്ന് ഉറപ്പാക്കുന്നതിൽ സൂപ്പർവൈസർ സുബ്രഹ്മണ്യൻ അലംഭാവം കാണിച്ചെന്ന് അന്വേഷണം നടത്തിയ ഇൻസ്പെക്ടർ റിപ്പോർട്ട് ചെയ്തു. അതേസമയം, കുറ്റക്കാരെ പിന്തുണച്ച് സംഘടനകൾ രംഗത്ത് വന്നു. വീഴ്ചയ്ക്ക് നേരിട്ട് ഉത്തരവാദികളായവരെ യൂണിയൻ പരിഗണന വച്ച് നടപടിയിൽ നിന്ന് ഒഴിവാക്കിയെന്ന ആരോപണവുമായി ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ (ഐഎൻടിയുസി). സർവീസ് പുറപ്പെടും മുൻപ് ടയറുകൾ, ഇന്ധന നില തുടങ്ങിയവ ഡ്രൈവർ പരിശോധിക്കണമെന്നാണ് ചട്ടം. അതിന് 15 മിനിറ്റ് അനുവദിച്ചിട്ടുണ്ട്. പരിശോധിച്ചിരുന്നെങ്കിൽ ടയർ ഇല്ലാത്തത് കണ്ടെത്തുമായിരുന്നു. തന്റെ സീറ്റിന്റെ ഭാഗത്തെ sയർ ഇല്ലാത്തത് കണ്ടക്ടറും ശ്രദ്ധിച്ചില്ല. മൊത്തം മേൽനോട്ടം അസിസ്റ്റന്റ് ഡിപ്പോ എൻജിനീയർക്കാണ്. മൂവർക്കും എതിരെ നടപടി എടുക്കാത്തത് ഭരണകക്ഷി യൂണിയൻ അംഗങ്ങളായതിനാലാണെന്ന് ഐഎൻടിയുസി ആരോപിച്ചു. നടപടിക്കെതിരെ സിഎംഡിക്ക് പരാതി നൽകുമെന്ന് ഐഎൻടിയുസി ഭാരവാഹികൾ.

0 Comments