ad

Ticker

6/recent/ticker-posts

വിവാഹാഭ്യർഥന തള്ളിയ കാമുകന്റെ ഭാര്യയെയും കുട്ടികളെയും വെട്ടിക്കൊന്ന യുവതി അറസ്റ്റിൽ


 ശ്രീരംഗപട്ടണയിലെ കെ.ആര്‍.എസ്. ഗ്രാമത്തില്‍ യുവതിയെയും നാലുകുട്ടികളെയും കൊലപ്പെടുത്തിയത് യുവതിയുടെ ഭര്‍ത്താവിന്റെ കാമുകി. പ്രതിയായ ലക്ഷ്മിയെ പോലീസ് അറസ്റ്റുചെയ്തു. തുണിവ്യാപാരിയും ഗുജറാത്ത് സ്വദേശിയുമായ ഗംഗാറാമിന്റെ ഭാര്യ ലക്ഷ്മി (32), മക്കളായ രാജു (12), കോമള്‍ (7 ), കുണാല്‍ (4 ), ലക്ഷ്മിയുടെ സഹോദരന്റെ മകന്‍ ഗോവിന്ദ (8) എന്നിവരാണ് കൊല്ലപ്പെട്ടത്.കൊല്ലപ്പെട്ട യുവതിയുടെ അമ്മാവന്റെ മകളാണ് പ്രതിയായ ലക്ഷ്മി. ബെലവതനിവാസിയായ ഇവര്‍ വിവാഹിതയും 2 മക്കളുടെ അമ്മയുമാണ്. കൊല്ലപ്പെട്ട യുവതിയുടെ ഭര്‍ത്താവ് ഗംഗാറാമുമായി വര്‍ഷങ്ങളായി ലക്ഷ്മിക്ക് വഴിവിട്ട ബന്ധമുണ്ടായിരുന്നു.


കുടുംബവുമായി ജീവിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ബന്ധം അവസാനിപ്പിക്കണമെന്നും ഗംഗാറാം ആവശ്യപ്പെട്ടിരുന്നെങ്കിലും ലക്ഷ്മി തയ്യാറായിരുന്നില്ല. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ കലഹവും പതിവായിരുന്നു. ഇതേത്തുടര്‍ന്ന് ഗംഗാറാമിനോടുള്ള ദേഷ്യം കാരണമാണ് ലക്ഷ്മി കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു.


ഗംഗാറാമിന്റെ വീട്ടില്‍ ഇടയ്ക്കിടെ സന്ദര്‍ശനം നടത്തിയിരുന്ന ലക്ഷ്മി കുടുംബവുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്നു. അതിനാല്‍, തുടക്കത്തില്‍ ലക്ഷ്മിയെ ആരും സംശയിച്ചിരുന്നില്ല. സംഭവദിവസം രാത്രി കൊടുവാളുപയോഗിച്ച് ഗംഗാറാമിന്റെ ഭാര്യയെ ആദ്യം വെട്ടിക്കൊന്നു. കുട്ടികള്‍ ബഹളംവെച്ചപ്പോള്‍ അവരെയും വെട്ടിക്കൊലപ്പെടുത്തി. തുടര്‍ന്ന് പുലര്‍ച്ചെ നാലുവരെ വീട്ടില്‍ മൃതദേഹങ്ങള്‍ക്കൊപ്പം കഴിഞ്ഞു. ഇതിനുശേഷം വസ്ത്രംമാറി രക്തംപുരണ്ട തന്റെ വസ്ത്രങ്ങളും കൊടുവാളും ബാഗിലാക്കി കനാലില്‍ ഉപേക്ഷിച്ചു.


പ്രാഥമികാന്വേഷണത്തില്‍ സംഭവദിവസം രാത്രി ലക്ഷ്മി ഗംഗാറാമിന്റെ വീട്ടിലുണ്ടായിരുന്നെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ലക്ഷ്മിയോട് വിവരംതേടിയപ്പോള്‍ പരസ്പരവിരുദ്ധമായ മറുപടികളാണ് ലഭിച്ചത്. ഇതോടെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യംചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ബുധനാഴ്ച അര്‍ധരാത്രി ലക്ഷ്മിയെ കൃത്യംനടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.

Post a Comment

0 Comments