ad

Ticker

6/recent/ticker-posts

കാര്യങ്ങള്‍ വ്യക്തമാകാതെ മാധ്യമങ്ങളെ വിലക്കാനുള്ള കേന്ദ്ര നീക്കം മൗലീക അവകാശങ്ങളുടെ ലംഘനമാണെന്നും രാജ്യ താത്പര്യത്തിന് എതിരാണെന്നും സ്പീക്കര്‍ എം ബി രാജേഷ്.

 


കാര്യങ്ങള്‍ വ്യക്തമാകാതെ മാധ്യമങ്ങളെ വിലക്കാനുള്ള കേന്ദ്ര നീക്കം മൗലീക അവകാശങ്ങളുടെ ലംഘനമാണെന്നും രാജ്യ താത്പര്യത്തിന് എതിരാണെന്നും സ്പീക്കര്‍ എം ബി രാജേഷ്. മലപ്പുറം പ്രസ് ക്ലബ്ബിന്റെ സുവര്‍ണ ജൂബിലി പരിപാടികള്‍ക്ക് തുടക്കം കുറിച്ച് മലപ്പുറത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

രാജ്യം ഓരോ പൗരനും അനുവദിക്കുന്ന അവകാശമാണ് മൗലീകാവകാശം. ഇത് കാരണം കൂടാതെ എടുത്ത് കളയുന്നത് അവകാശ ലംഘനമാണ്. ഈ ലംഘനത്തിനെതിരെ പ്രതികരിച്ചില്ലെങ്കില്‍ നാളെ രാജ്യ സുരക്ഷ ചൂണ്ടിക്കാട്ടി ഏതൊരു പൗരന് നേരെയും മാധ്യമ സ്ഥാപനത്തിന് നേരെയും ഇത്തരം നടപടികള്‍ കടന്ന് വരും. ഓരോ ആളുകളുടെയും വായ മൂടികെട്ടാന്‍ അവസരമാക്കി ഭരണകൂടം മാറ്റും. ഇതോടെ രാജ്യം നല്‍കുന്ന ഭരണഘടനാ ഉറപ്പ് ഭരണകൂടം ലംഘിക്കുന്നതോടെ ഇത് രാജ്യ താത്പര്യത്തിന് എതിരായി ഭവിക്കുകയും രാജ്യത്തിന്റെ മൂല്യം നഷ്ടപ്പെടുകയും ചെയ്യും. നിലവില്‍ തന്നെ രാജ്യത്ത് ജനാധിപത്യ മൂല്യങ്ങള്‍ നഷ്ടപ്പെടുകയും മൂലധനാധിഷ്ഠിത താത്പര്യങ്ങള്‍ വലിയ തോതില്‍ ഉയര്‍ന്ന് വരികയുമാണ്. ഇവ രാജ്യത്ത് രണ്ട് തരം ജനതയെ സൃഷ്ടിക്കുന്നതിലേക്ക് നയിക്കുമെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിനെതിരെ പ്രതികരിക്കേണ്ടതും തെറ്റുകള്‍ പൊതുസമൂഹത്തിന് മുന്നില്‍ തുറന്ന് കാണിക്കേണ്ടതിന്റെയും ബാധ്യത വാര്‍ത്താ മാധ്യമങ്ങള്‍ക്കാണ്. വിഷയത്തില്‍ നിന്ന് മാധ്യമങ്ങള്‍ പിറകോട്ട് പോകുന്നത് സമൂഹത്തെ ആകെ പിറകോട്ട് നയിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭരണകൂടത്തിന്റെ ജനാധിപത്യ വിരുദ്ധ സമീപനങ്ങള്‍ ധീരമായി തുറന്ന് കാണിക്കണം. നിര്‍ഭാഗ്യവശാല്‍ കഴിഞ്ഞ 20 വര്‍ഷത്തിനിടെ ജനകീയ വിഷയങ്ങളില്‍ നിന്ന് ഇടപെടുന്നതില്‍ നിന്ന് മാധ്യമങ്ങള്‍ പിറകോട്ട് പോയി. പകരം സെന്‍സേഷണല്‍ ന്യൂസുകള്‍ക്കും   അനാവശ്യ വിവാദങ്ങള്‍ക്കും പിറകെയായി മാധ്യമങ്ങളുടെ സഞ്ചാരം. ജനകീയ വിഷയങ്ങളില്‍ നിന്ന് വിട്ട് നിന്നുള്ള മാധ്യമ പ്രവര്‍ത്തനം മേഖലയെ നാശത്തിലേക്ക് നയിക്കുമെന്ന് സ്പീക്കര്‍ എം ബി രാജേഷ് ഓര്‍മിപ്പിച്ചു. സെന്‍സെഷേണല്‍ വാര്‍ത്തകള്‍ വിറ്റഴിക്കുന്നതിന് പകരം ജനങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ മുന്നില്‍ നില്‍ക്കുന്നിടത്താണ് യഥാര്‍ഥ മാധ്യമപ്രവര്‍ത്തനം നടക്കുന്നതെന്ന് അദ്ദേഹം വിവരിച്ചു. തെറ്റുകള്‍ തിരുത്തി മാധ്യമങ്ങള്‍ യഥാര്‍ഥ പാതയിലേക്ക് വരണമെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രസ് ക്ലബ്ബിന്റെ പ്രഥമ കെ.എം ബഷീര്‍ പുരസ്‌കാര ജേതാക്കളായ ജിമ്മി ഫിലിപ്പ് , സുനില്‍ ബേബി  എന്നിവര്‍ക്കുളള ഫലകവും അവാര്‍ഡ് തുകയും ചടങ്ങില്‍  സ്പീക്കര്‍ കൈമാറി. പ്രസ് ക്ലബ് മീഡിയ ഡയറക്ടറി പ്രകാശനം പി. ഉബൈദുല്ല എം.എല്‍.എ നിര്‍വഹിച്ചു. പ്രസ്സ്‌ക്ലബ്ബ് പ്രസിഡന്റ് ഷംസുദ്ധീന്‍ മുബാറക് അദ്ധ്യക്ഷനായിരുന്നു. പാലോളി കുഞ്ഞിമുഹമ്മദ്, പ്രസ്സക്ലബ്ബ് സെക്രട്ടറി  കെ പി എം റിയാസ്, സുരേഷ് എടപ്പാള്‍, വി പി നിസാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Post a Comment

0 Comments