കേന്ദ്ര ധനകാര്യ മന്ത്രി ശ്രീമതി. നിർമ്മലാ സീതാരാമൻ ഇന്ന് അവതരിപ്പിച്ച 2022-23 ലെ കേന്ദ്ര ബഡ് ജറ്റിൽ, എം.എസ്.എം.ഇ മേഖലയ്ക്ക് 2 ലക്ഷം കോടി രൂപ നീക്കി വെച്ചത്, ഈ മേഖലയിൽ വ്യാപാരികളെക്കൂടി ഉൾപ്പെടുത്തിയ നിലയിൽ, വ്യാപാരി സമൂഹത്തിനും കൂടി പ്രയോജനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
എന്നാൽ, 2020 മുതൽ തുടർന്നുവരുന്ന കോവിഡ് മഹാമാരി മൂലം, ദുരിതം അനുഭവിക്കുന്ന വ്യാപാര മേഖലയ്ക്ക്, ബാങ്ക് പലിശ ഇനത്തിൽ യാതൊരു ഇളവുകളും പ്രഖാപിക്കാത്തത് പ്രതിഷേധാർഹമാണ്. ഈ മഹാമാരി മൂലം ഉണ്ടായ വ്യാപാര നഷ്ടം നിമിത്തം, രാജ്യത്താകെ 2 ലക്ഷത്തിലധികം വ്യാപാരികൾ വ്യാപാരം നിർത്തിപ്പോകുകയും, ആയിരക്കണക്കിനു വ്യാപാരികൾ ആത്‌മഹത്യചെയ്യുകയുമുണ്ടായി. ഇത്തരത്തിൽ ദുരിതം അനുഭവിക്കുന്ന വ്യാപാരികളുടെ കുടുംബത്തെ സഹായിക്കുന്ന തരത്തിലുള്ള യാതൊരു നിർദ്ദേശവും ബഡ് ജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നത് ഖേദകരമാണ്.
തെറ്റായ റിട്ടേൺ സമർപ്പിച്ച ആദായ നികുതിദായകർക്ക്, റിടേൺ തിരുത്തി സമർപ്പിക്കുവാൻ 2 വർഷത്തെ സാവകാശം ഇന്നത്തെ ബഡ് ജറ്റിലൂടെ നൽകിയപ്പോൾ, ജി.എസ്.ടി നിയമത്തിലെ, കർക്കശമായ വകുപ്പുകൾ മൂലവും, അജ്ഞത മൂലവും, ജി.എസ്.ടി. പോർട്ടലിലെ തകരാറുകൾ മൂലവും ഉണ്ടായ തെറ്റുകൾ നിമിത്തം ലക്ഷക്കണക്കിനു വ്യാപാരികൾ പലിശയിനത്തിലും, പെനാൽറ്റിയിനത്തിലും, കോടികൾ അടയ്ക്കേണ്ട സ്ഥിതിയാണ്. ഇത്തരത്തിലുള്ള റിട്ടേണുകൾ തിരുത്തുന്നതിനുള്ള സാവകാശം നൽകാത്തത്, വ്യാപാരിസമൂഹത്തിന് തികച്ചും നിരാശാജനകമായ നടപടിയാണ്.
2022 ജനുവരി മാസത്തെ ജി.എസ്.ടി. വരുമാനം, 1,40,986 കോടിയായി വർദ്ധിച്ചത് രാജ്യത്തിൻ്റെ സമ്പദ്ഘടനയ്ക്ക് പ്രയോജനം ചെയ്യുമെങ്കിലും, സാമാന്യ നീതിയ്ക്ക് നിരക്കാത്ത രീതിയിൽ, നികുതി അടച്ച് വാങ്ങിയ ചരക്കുകൾക്കും സേവനങ്ങൾക്കും, വില്പന നടത്തിയ വ്യാപാരി ചെയ്ത തെറ്റുകൾക്ക്, വാങ്ങിയ വ്യാപാരിയെ ശിക്ഷിക്കുന്ന രീതിയിലുള്ള വകുപ്പ് {(16 (2) (എ എ)} ഉൾപ്പെടുത്തിയതുമൂലം നിഷേധിക്കപ്പെട ഇൻപുട്ട് ടാക്സ് ക്രെഡിറ്റിലൂടെ ഉണ്ടായ വരുമാനം എത്രയാണെന്ന് വെളുപ്പെടുത്തിയിടില്ല.
പാർലമെന്റിന്റെ ഇരു സഭകളിലും നടക്കുന്ന ബജറ്റ് ചർച്ചകളിൽ ഈ വിഷയങ്ങൾ പരിഗണിക്കണമെന്നും ഈ വിഷയങ്ങൾ പാർലമെന്റിൽ ഉന്നയിച്ച് പരിഹാരമുണ്ടാക്കാൻ ശ്രമിക്കണമെന്നും എല്ലാ പാർലമെന്റ് അംഗങ്ങളോടും ആവശ്യപ്പെടുമെന്നും. ഇക്കാര്യങ്ങൾ അനുഭാവപൂർവ്വം പരിഗണിച്ച് പ്രശ്നപരിഹാരം വരുത്തണമെന്നും ബഹു. ധനമന്തി നിർമ്മല സീതാരാമന് അയച്ച നിവേദനത്തിലൂടെ രാജു അപ്സര ആവശ്യപ്പെട്ടു.

0 Comments