ഏറ്റവും മികച്ച സ്വഭാവ നടിമാരിലൊരാളാണ് കെപിഎസി ലളിത . നമുക്കൊപ്പം അഞ്ച് പതിറ്റാണ്ടിലേറെയായി കെപിഎസി ലളിതയുണ്ടായിരുന്നു. കാമുകിയായി, അമ്മയായി, അമ്മൂമ്മയായി, അമ്മായിയമ്മയായി. ചിരിപ്പിച്ചും കരയിപ്പിച്ചും ചിന്തിപ്പിച്ചുമൊക്കെ അത്ഭുതപ്പെടുത്തിയ സ്ത്രീ വേഷങ്ങൾ. അഭിനയത്തികവ് കാണിക്കാൻ നായികയാകണമെന്ന് നിർബന്ധമില്ലെന്ന് തെളിയിക്കുന്നതാണ് ലളിതയുടെ അഞ്ഞൂറിലേറെ വേഷങ്ങൾ. ഒടുവില്‍ ചമയങ്ങളഴിച്ച് കെപിഎസി ലളിത യാത്രയായിരിക്കുകയാണ്. കെപിഎസി ലളിതയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ,രമേശ് ചെന്നിത്തല , മമ്മൂട്ടി, മോഹന്‍ലാല്‍,സുരേഷ്‌ഗോപി ,ദിലീപ് , മഞ്ജുവാര്യര്‍ തുടങ്ങി നിരവധിപേർ അനുശോചനം രേഖപ്പെടുത്തി.
തൃപ്പൂണിത്തുറയിലുള്ള മകന്റെ ഫ്ലാറ്റിൽ വച്ച് ഇന്നലെ രാത്രിയാണ് കെപിഎസി ലളിത അന്തരിച്ചത്. ഏറെ നാളായി അസുഖബാധിതയായി ചികിത്സയിലായിരുന്നു. വൈകിട്ട് വീട്ടുവളപ്പിൽ സംസ്കാരം നടക്കും. നാടകത്തിലൂടെ അഭിനയ ജീവിതത്തിനു തുടക്കം കുറിച്ച കെപിഎസി ലളിതയ്ക്ക് രണ്ട് തവണ സഹനടിക്കുള്ള ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ട്. സംസ്ഥാന ചലച്ചിത്ര പുരസ്കാരം നാല് തവണ നേടി. കെ എസ് സേതുമാധവന്റെ കൂട്ടൂകുടുംബം ആണ് ആദ്യ ചിത്രം. 500 ലധികം സിനിമകളുടെ ഭാഗമായി. അന്തരിച്ച സംവിധായകൻ ഭരതനായിരുന്നു ഭർത്താവ്. നടൻ സിദ്ധാർത്ഥ്, ശ്രീക്കുട്ടി എന്നിവരാണ് മക്കൾ. കേരള സംഗീത നാടക അക്കാദമി ചെയർപേഴ്സണായിരുന്നു.

0 Comments