കെഎസ്ആര്‍ടിസി കണ്ണൂര്‍ യൂണിറ്റിലെ ബജറ്റഡ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ നിന്നും മൂന്നാറിലേക്ക് ഉല്ലാസ യാത്ര ആരംഭിച്ചു. ഞായറാഴ്ച രാവിലെ എട്ട് മണിക്ക് കണ്ണൂര്‍ ഡിപ്പോയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. മലബാർ മേഖലയിൽ നിന്നും ഇടുക്കി ഹൈറേഞ്ചിലേക്ക് കുറഞ്ഞ ചെലവിൽ ഉല്ലാസ യാത്ര സാധ്യമാക്കുകയാണ് ഇതിലൂടെ കെഎസ്ആർടി സി ലക്ഷ്യമിടുന്നത്. മൂന്നാറിലെ തേയില ഫാക്ടറി, ടീ മ്യൂസിയം, ടോപ് സ്റ്റേഷൻ, കുണ്ടള തടാകം, ഇക്കോ പോയിന്റ്, മാട്ടുപ്പെട്ടി അണക്കെട്ട്, ഫ്‌ളവർ ഗാർഡൻ എന്നിവയാണ് യാത്രയിലൂടെ കാണാനാവുക. കെഎസ്ആർടിസിയുടെ ടിക്കറ്റിതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് യാത്ര ആരംഭിച്ചത് . മൂന്നാറിൽ എ സി സ്ലീപ്പർ ബസിൽ താമസവും കാഴ്ചകൾ കാണുന്നതും ഉൾപ്പെടെ 1850 രൂപയാണ് ടിക്കറ്റ് നിരക്ക്. ഭക്ഷണ ചെലവും എൻട്രി ഫീസും യാത്രക്കാർ വഹിക്കണം. ഇത് ഉപയോഗപ്പെടുത്തിയാൽ ചെറുസംഘമായി യാത്ര ചെയ്യുന്നവർക്ക് കുറഞ്ഞ ചെലവിൽ മൂന്നാർ കണ്ട് മടങ്ങാം