ആലപ്പുഴ :തലവടിയിൽ കുടിവെള്ളം ചോദിച്ചെത്തിയ ബംഗാൾ സ്വദേശി വീട്ടമ്മയേയും മകനേയും കുത്തി പരിക്കേൽപ്പിച്ചു. തലവടി സ്വദേശി വിൻസി, മകൻ അൻവിൻ എന്നിവർക്കാണ് കുത്തേറ്റത്. പ്രതി പശ്ചിമ ബംഗാൾ സ്വദേശി സത്താറിനെ പോലീസ് പിടികൂടി. വെള്ളം ചോദിച്ച് വീട്ടിലെത്തിയ സത്താർ ബഹളം വെച്ചു. ഇതേ തുടർന്ന് വീട്ടുകാർ വാതിൽ അടച്ച് അകത്തു കയറി. കതകിൽ ഇടിച്ചും ചവിട്ടിയും തുറക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ വീടിന് മുറ്റത്ത് പൂട്ടിയിട്ട നായുടെ നേരേ അക്രമം തുടർന്നു. നായയുടെ കഴുത്തിൽ കയറിട്ട് മുറുക്കിയത്തോടെ അൻവിൻ പുറത്തിറങ്ങി തടയാൻ ശ്രമിച്ചു. ഈ സമയം കൈയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് പ്രതി അൻവിന്റെ നെഞ്ചിന് താഴെ കുത്തുകയായിരുന്നു.
മകനെ കുത്തുന്നതുകണ്ട് ഓടിയെത്തിയ വിൻസിയുടെ നേരെയും സത്താർ തിരിഞ്ഞു. വിൻസിയുടെ കൈയ്യിലാണ് കുത്തേറ്റത്. പോലീസ് എത്തി അതിസാഹസികമായാണ് പ്രതിയെ കീഴ്പ്പെടുത്തിയത്. കുത്തേറ്റ അമ്മയും മകനും ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ലഹരിക്ക് അടിമയാണ് പ്രതിയെന്ന് എടത്വ പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
0 Comments