സംസ്ഥാനത്തെ ഏറ്റവും വലിയ റെഗുലേറ്റര്‍ കം ബ്രിഡ്ജിനെ തൊട്ടറിയാന്‍ ജലസേചന വകുപ്പ് ഒരുക്കിയ പ്രത്യേക സ്റ്റാള്‍ ശ്രദ്ധേയമാകുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി തിരൂരില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശനത്തിലാണ് ചമ്രവട്ടം റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുന്ന മാതൃക ഒരുക്കിയിട്ടുള്ളത്. കോഴിക്കോട് - എറണാകുളം യാത്രക്കാരുടെ ഇഷ്ടപാത എന്നതിലുപരി കൃഷി, ജലസേചനം, വിനോദ സഞ്ചാരം തുടങ്ങിയ മേഖലകളില്‍ ചമ്രവട്ടം പദ്ധതിയുടെ ലക്ഷ്യങ്ങള്‍ വിശദീകരിക്കുകയുമാണ് പ്രദര്‍ശനത്തിന്റെ ലക്ഷ്യം. ഒരു കിലോമീറ്ററോളം നീളമുള്ള പാലത്തിന്റെ വലിപ്പം മനസ്സിലാക്കത്തവിധം നിശ്ചിത അനുപാതത്തിലാണ് മിനിയേച്ചര്‍ മാതൃക ഒരുക്കിയിരിക്കുന്നത്. പാലവും പദ്ധതി പ്രദേശവും ജലവിധാനവും ചുറ്റി നടന്ന് കാണാവുന്ന വിധത്തിലാണ് സ്റ്റാളിന്റെ സജ്ജീകരണം. ജലസേചന വകുപ്പിന് വേണ്ടി യു.എല്‍.സി.സി.എസ് ഡിസൈന്‍ സ്ട്രാറ്റജി ലാബാണ് പാലത്തിന്റെ ടേബിള്‍ ടോപ്പ് മിനിയേച്ചര്‍ മാതൃക ഒരുക്കിയത്.
പദ്ധതിയുടെ പൂര്‍ണത മനസ്സിലാക്കുന്നതിനുള്ള ത്രിമാന വീഡിയോയും പദ്ധതിയുടെ നാള്‍വഴികള്‍ വരച്ച് കാട്ടുന്ന കലാകാരന്‍ ഉദയന്‍ എടപ്പാള്‍ ഒരുക്കിയ സാന്‍ഡ് ആര്‍ട്ടും ഇതോടൊപ്പം പ്രദര്‍ശിപ്പിക്കുന്നുണ്ട്. പാലം വരുന്നതിന് മുമ്പുണ്ടായിരുന്ന കടത്ത് തോണിയും പടിപടിയായുള്ള പദ്ധതി പൂര്‍ത്തീകരണവുമാണ് സാന്‍ഡ് ആര്‍ട്ട് വീഡിയോയിലുള്ളത്. ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ യു.കെ ഗിരീഷ്‌കുമാര്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാരായ എസ്. സീന ബീഗം, എം.വി ദിലീപ് കുമാര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍മാരായ ജി. ഗിരീഷ്, അക്ബര്‍ കൊളക്കാടന്‍ എന്നിവരുടെ ആശയത്തിന് നിറം പകര്‍ന്നത് ക്യൂറേറ്റര്‍ പി.വി യാസിര്‍, ഇല്യാസ് ആര്‍ട്യൂണിക് (ആര്‍ട്ട് ഇല്യൂഷന്‍), ഷൗക്കത്ത് അലി, ടി. ബഷീര്‍, പ്രദീപ് (ഇന്‍സറ്റലേഷന്‍), വിനോദ് കുമാര്‍ (ശില്‍പി) എന്നിവരാണ്.
0 Comments