സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍ കേരളത്തെ വ്യവസായിക സൗഹൃദ സംസ്ഥാനമാക്കി മാറ്റിയതായി കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍. 2022-23 സംരംഭക വര്‍ഷത്തിന്റെ ഭാഗമായുള്ള 'ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍' എന്ന പൊതുബോധവത്ക്കരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പൊന്നാനിയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
മറ്റു വര്‍ഷങ്ങളെ അപേക്ഷിച്ചു പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കാന്‍ സര്‍ക്കാരിന്റെ വിവിധ പദ്ധതികളും നടപടികളും കൊണ്ട് സാധിച്ചതായും നവകേരള സൃഷ്ടി മുന്നോട്ടുവയ്ക്കുന്നത് കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനമാണെന്നും മന്ത്രി പറഞ്ഞു. പൊന്നാനി മാസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പി. നന്ദകുമാര്‍ എം.എല്‍.എ അധ്യക്ഷനായി. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.എസ് ശിവകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പൊന്നാനി നഗരസഭാ ചെയര്‍മാന്‍ ശിവദാസന്‍ ആറ്റുപുറം, കെ.എസ്.എസ്‌ഐ.എ പൊന്നാനി താലൂക്ക് പ്രസിഡന്റ് കരുവാടി ഗണേശന്‍, സി.ഡി.എസ് സൂപ്രണ്ട് കെ.പി ഖാലിദ്, ഡി.ഐ.സി മലപ്പുറം മാനേജര്‍ മുജീബ് റഹ്‌മാന്‍, പൊന്നാനി താലൂക്ക് വ്യവസായ കേന്ദ്രം ഉപജില്ലാ ഓഫീസര്‍ ലോറന്‍സ് മാത്യു എന്നിവര്‍ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി 'സംരംഭകര്‍ക്കുള്ള സര്‍ക്കാര്‍ സേവനങ്ങള്‍' എന്ന വിഷയത്തില്‍ ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ എ.കെ റഹ്‌മത്തലി ക്ലാസെടുത്തു.
സംരംഭ വര്‍ഷത്തിന്റെ ഭാഗമായി കേരളത്തില്‍ ചുരുങ്ങിയത് ഒരു ലക്ഷം സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ ആരംഭിച്ചു മൂന്ന് മുതല്‍ നാല് ലക്ഷം വരെ ആളുകള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കാനുള്ള ഒരു ബൃഹത്തായ പദ്ധതിക്കാണ് തുടക്കമിട്ടിട്ടുള്ളത്. ലൈസന്‍സ്/ ലോണ്‍/ സബ്സിഡി മേളകള്‍ നടത്തി സംരംഭങ്ങള്‍ക്ക് ആവശ്യമുള്ള ലൈസന്‍സും ലോണും സബ്സിഡി ലഭ്യമാക്കുന്നതിനുള്ള നടപടികളും പരിപാടിയുടെ ഭാഗമായി നടക്കും. 18,606 സംരംഭങ്ങളാണ് മലപ്പുറം ജില്ലയില്‍ പദ്ധതി വഴി ആരംഭിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പരിപാടിയില്‍ 'നിങ്ങള്‍ക്കും സംരംഭകരാകാം' എന്ന കൈപ്പുസ്തകവും വിതരണം ചെയ്തു.
0 Comments