എടത്വ :തകഴി റെയിൽവെ ഗേറ്റിൽ മേൽപ്പാലം നിർമ്മിക്കുന്നതിന് മുന്നോടിയായി മണ്ണ് പരിശോധനയ്ക്ക് തുടക്കമായി.സർവ്വേ നടപടികൾ പൂർത്തിയാക്കിയതിന് ശേഷമാണ് മണ്ണ് പരിശോധന ആരംഭിച്ചത്.
തകഴി ലെവൽ ക്രോസിൽ മേൽപാലം നിർമ്മിക്കണമെന്നുള്ള ദീർഘകാലങ്ങളായി ഉള്ള ആവശ്യത്തിന് ചിറക് മുളച്ചതായി തകഴി മേൽപ്പാലം സമ്പാദക സമിതി ചെയർമാൻ ഡോ ജോൺസൺ വി ഇടിക്കുള, സെക്രട്ടറി ഫിലിപ്പ് ചെറിയാൻ,കൺവീനർ ജിജി സേവ്യർ, എടത്വ വികസന സമിതി പ്രസിഡൻ്റ് ഐസക്ക് എഡ്വേർഡ് എന്നിവർ പറഞ്ഞു. സമ്പാദക സമിതി രക്ഷാധികാരി ബ്രഹ്മശ്രീ നീലകണ്‌ഠരെര് ആനന്ദ് പട്ടമനയും സമ്പാദക സമിതി ചെയർമാൻ ഡോ ജോൺസൺ വി ഇടിക്കുളയും ചേർന്ന് ചീഫ് സെക്രട്ടറി ഡോ.വി.വേണുവിന് നിവേദനം നല്‍കിയിരുന്നു.
തകഴി ലെവൽ ക്രോസിൽ മേൽപാലം നിർമ്മിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എടത്വ വികസന സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ നില്പ് സമരം നടത്തിയിരുന്നു. അതിനെ തുടര്‍ന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം വി.കെ ബീനാകുമാരി സ്ഥലം സന്ദർശിക്കുകയും ചെയ്തിരുന്നു.
തിരുവല്ല-അമ്പലപ്പുഴ സംസ്ഥാന പാതയിലെ റെയിൽവെ ക്രോസിൽ ഗതാഗത കുരുക്ക് രൂക്ഷമാകുകയാണ്. ഇരട്ടപാത വന്നതോടെ കൂടുതൽ സമയം ഗേറ്റ് അടച്ചിടുന്നതാണ് ഗതാഗത കുരുക്കിന് പ്രധാന കാരണം.ഹരിപ്പാട് ഭാഗത്തു നിന്ന് ഉള്ള ട്രെയിൻ പോയാലും അമ്പലപ്പുഴ സ്റ്റേഷനിൽ പിടിച്ചിട്ടിരിക്കുന്ന ട്രെയിൻ കൂടി പോയാൽ മാത്രമാണ് ഗേറ്റ് തുറക്കുന്നത്.കെ.എസ്.ആർ.ടി.സിയുടെ വിവിധ ഡിപ്പോകളിൽ നിന്നും നൂറ്റമ്പതിലധികം ബസുകൾ ഈ വഴി രാവിലെ 5.30 മുതൽ ട്രിപ്പുകൾ നടത്തുന്നുണ്ട്.'ലെവൽ ക്രോസ് മുക്ത കേരളം' പദ്ധതിയിലൂടെ തകഴിയിൽ ലെവൽക്രോസ് ഒഴിവാക്കി മേൽപാലം വേണമെന്ന ആവശ്യം ശക്തമാകുകയാണ്.റെയിൽവെ ക്രോസ് തകരാറുമൂലം പലപ്പോഴും അടഞ്ഞു കിടക്കുന്നത് മൂലം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും തിരുവല്ല ഭാഗത്ത് ഉള്ള ആശുപത്രിയിലേക്കും കൊണ്ടുപോകുന്ന രോഗികളുടെ ജീവന് പോലും ഭീഷണിയാകുന്നുണ്ട്.
കെ.എസ്.ആർ.ടി.സി ആലപ്പുഴ ഡിപ്പോയിൽ ഏറ്റവും ഉയർന്ന വരുമാനം ലഭിക്കുന്ന തിരക്കേറിയ റൂട്ടാണ് അമ്പലപ്പുഴ-തിരുവല്ല റോഡ്.അമ്പലപ്പുഴ, പുറക്കാട് ഭാഗങ്ങളിൽ അപകടങ്ങൾ ഉണ്ടായാൽ തകഴിയിൽ നിന്നാണ് അഗ്നി രക്ഷാപ്രവർത്തകർ എത്തേണ്ടത്.അഗ്നി രക്ഷാ വാഹനങ്ങളും ഈ കുരുക്കിൽപെടുന്നു. പുറക്കാട് സ്മ്യതി വനത്തിലെ പുൽത്തകിടിക്കും വൈദ്യുതി പോസ്റ്റിനും തീ പിടിച്ചപ്പോൾ അഗ്നി രക്ഷാ വാഹനത്തിന് 20 മിനിട്ടോളം കുരുക്കിൽ കിടക്കേണ്ടി വന്നു.ഈ കാരണങ്ങൾ എല്ലാം കണക്കിലെടുത്ത് തകഴിയിൽ മേൽപാലം എത്രയും വേഗം ഉണ്ടാകണമെന്ന് വ്യാപാരി വ്യവസായ സമിതി തകഴി ഏരിയ കമ്മിറ്റി ഉൾപെടെ നിരവധി സംഘടനകൾ ആവശ്യപെട്ടു.
0 Comments