ആന്റിബയോട്ടിക് ഉപയോഗം നിയന്ത്രിക്കുന്നതിനായി ഡ്രഗ്‌സ് വകുപ്പിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ തലം മുതല്‍ ബോധവല്‍ക്കരണം ആരംഭിക്കുമെന്ന് സംസ്ഥാന ഡെപ്യൂട്ടി ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഡോ. കെ. സുജിത് കുമാര്പറഞ്ഞു. 2023-ഓടെ സംസ്ഥാനത്ത് ആന്റിബയോട്ടിക് സാക്ഷരത കൈവരിക്കുകയാണ് ലക്ഷ്യമെന്നും ഡോ. കെ. സുജിത് കുമാര്‍ വ്യക്തമാക്കി. സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് സംഘടിപ്പിച്ച 'ആന്റിബയോട്ടിക് സാക്ഷര കേരളം 2023 എന്ത്, എന്തിന്, എങ്ങനെ?' എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രൗഡ് പദ്ധതി പ്രകാരം ഉപയോഗ ശൂന്യമായതും ഉപയോഗിച്ചു ബാക്കിയായതുമായ മരുന്നുകള്‍ ഡ്രഗ്‌സ് വകുപ്പ് കിയോസ്‌ക്കുകള്‍ വഴി സ്വീകരിക്കുകയും ശാസ്ത്രീയമായി സംസ്‌കരിക്കുകയും ചെയ്യും. ഇത് പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരത്തു ആരംഭിച്ചതായും സംസ്ഥാന ഡെപ്യൂട്ടി ഡ്രഗ്‌സ് കണ്‍ട്രോളര്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ആഘോഷത്തോടനുബന്ധിച്ച് തിരൂര്‍ ഗവ. ബോയ്‌സ് ഹയര്‍സെക്കന്ററി സ്‌കൂളിലാണ് ഇന്നലെ (മെയ് 12) സെമിനാര്‍ നടത്തിയത്. കോഴിക്കോട് റീജ്യണല്‍ ഡ്രഗ്‌സ് ഇന്‍സ്പെക്ടര്‍ ബെന്നി മാത്യു അധ്യക്ഷനായി. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പകര്‍ച്ചവ്യാധി വിഭാഗം മുന്‍ മേധാവി ഡോ. ഷീല മാത്യു, ജില്ലാ ഡെപ്യൂട്ടി ഡി.എം.ഒ ഡോ. എ. ഷിബുലാല്‍, കോഴിക്കോട് അസിസ്റ്റന്റ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഷാജി എം. വര്‍ഗീസ്, മലയാള മനോരമ സീനിയര്‍ സബ് എഡിറ്റര്‍ ഷിജില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു. മലപ്പുറം ജില്ലാ ഡ്രഗ്‌സ് ഇന്‍സ്പെക്ടര്‍ ഡോ. എം.സി. നിഷിത് ചര്‍ച്ച നയിച്ചു.
ഏത് പനിക്കും ആന്റിബയോട്ടിക് നല്‍കുന്ന പ്രവണത ഡോക്ടര്‍മാരില്‍ ഏറിവരികയാണെന്ന് ഡോ. ഷീല മാത്യു പറഞ്ഞു. ഇത്തരത്തില്‍ മരുന്നു നല്‍കുന്നത് ശരിയല്ല. അസുഖം വേഗത്തില്‍ മാറ്റുക എന്നതിലുപരി രോഗിയെ പൂര്‍ണ ആരോഗ്യവാനാക്കുക എന്നതാകണം ലക്ഷ്യം. കൂടാതെ ഡോക്ടര്‍മാര്‍ ചില രോഗങ്ങള്‍ക്ക് രണ്ട് ആന്റിബയോട്ടിക്ക് മരുന്നുകള്‍ ഒരുമിച്ച് നല്‍കുന്നുണ്ട്. ഇത്തരത്തില്‍ ഒരുമിച്ചു മരുന്ന് നല്‍കുമ്പോള്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ശ്രദ്ധിക്കണം. രോഗി ചികിത്സ കഴിവതും ഒരു ഡോക്ടറുടെ കീഴില്‍ തന്നെ ചികിത്സ പൂര്‍ത്തിയാക്കണം. ഇടയ്ക്കിടെ ഡോക്ടറെ മാറ്റുന്നത് രോഗിയുടെ രോഗപ്രതിരോധ ശേഷിയെ സാരമായി ബാധിച്ചേക്കാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഒരു രോഗിയ്ക്ക് രോഗം എന്തെന്നും അതിന് നല്‍കുന്ന മരുന്ന് എങ്ങനെ കഴിക്കണമെന്നും ഡോക്ടര്‍ പറഞ്ഞുകൊടുക്കണമെന്ന് ജില്ലാ ഡെപ്യൂട്ടി ഡി.എം.ഒ എ. ഷിബുലാല്‍ പറഞ്ഞു. 10 കോടിയിലേറെ മൂല്യമുള്ളതാണ് കേരളത്തിലെ മരുന്നുവിപണി. അതുകൊണ്ടു കേവലം ബോധവല്‍ക്കരണം കൊണ്ടുമാത്രം ആന്റിബയോട്ടിക് മരുന്നുകളുടെ ഉപഭോഗം നിയന്ത്രിക്കാന്‍ കഴിയില്ലെന്ന് ഷജില്‍ കുമാര്‍ പറഞ്ഞു. വ്യാജമരുന്നുകള്‍ ഒന്നും കേരളത്തിലെ വിപണികളില്‍ നിലവിലില്ലെന്ന് അസിസ്റ്റന്റ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഷാജി എം.വര്‍ഗീസ് പറഞ്ഞു. പാനല്‍ ചര്‍ച്ചയ്ക്ക് ശേഷം ചോദ്യോത്തര വേളയായിരുന്നു. ഡോ. കെ.സുജിത് കുമാര്‍ പനലിസ്റ്റുകള്‍ക്ക് ഉപഹാരം നല്‍കി. ജില്ലാ ഡ്രഗ്‌സ് ഇന്‍സ്പെക്ടര്‍ ടി.എം. അനസ് സ്വാഗതവും ജൂനിയര്‍ സൂപ്രണ്ട് സി.എം. ദയാനിധി നന്ദിയും പറഞ്ഞു.
0 Comments