അളവ് തൂക്ക നിര്‍ണയം ദൈനംദിന ജീവിതവുമായി നേരിട്ട് ബന്ധപ്പെട്ട കാര്യമാണെന്ന് ലീഗല്‍ മെട്രോളജി വകുപ്പ് ഡെപ്യൂട്ടി കണ്‍ട്രോളര്‍ സുജ. എസ്. മണി. ലീഗല്‍ മെട്രോളജി വകുപ്പിന് അതിനാലാണ് പ്രധാന്യമെന്നും അവര്‍ പറഞ്ഞു. 'ഉപഭോക്തൃ സംരക്ഷണവും ലീഗല്‍ മെട്രോളജി വകുപ്പും' എന്ന വിഷയത്തിലുള്ള സെമിനാറില്‍ സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി കണ്‍ട്രോളര്‍. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി തിരൂര്‍ ഗവ. ബോയ്സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വേദിയിലാണ് സെമിനാര്‍ നടത്തിയത്. അളവ് തൂക്ക കാര്യത്തില്‍ ഉപഭോക്താക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വിശദീകരിച്ചായിരുന്നു സെമിനാര്‍. ലീഗല്‍ മെട്രോളജി വകുപ്പില്‍ നിന്നും ലഭിക്കുന്ന സേവനങ്ങള്‍, വകുപ്പിന്റെ പരിധിയില്‍ വരുന്ന അളവ് തൂക്ക ഉപകരണങ്ങളും അവയുടെ ഉപയോഗവും, പായ്ക്ക് ചെയ്ത ഉത്പന്നങ്ങള്‍ വാങ്ങുമ്പോഴും വില്‍ക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നിവ സംബന്ധിച്ച് ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് കണ്‍ട്രോളര്‍ ടി.ജി ജവഹര്‍, മെട്രോളജി കൊണ്ടോട്ടി ഇന്‍സ്‌പെക്ടര്‍ കെ, കെ സുദേവന്‍ എന്നിവര്‍ ക്ലാസെടുത്തു. അളവ് തൂക്കം ഓരോരുത്തരുടെയും നിത്യ ജീവിതത്തില്‍ എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് സെമിനാര്‍ വിശദമായി ചര്‍ച്ച ചെയ്തു. ക്ലാസുകള്‍ക്കിടയില്‍ നല്‍കിയ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കിയവര്‍ക്ക് പ്രോത്സാഹന സമ്മാനവും നല്‍കി. ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ കെ.കെ അബുദുള്‍ കരീം, തിരൂര്‍ ചേമ്പര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് പി.എ ബാവ, സെക്രട്ടറി അബ്ദുസമദ് എന്നിവര്‍ പങ്കെടുത്തു.
0 Comments