കുറ്റ്യാടി: ബാസ്‌ക്കറ്റ് ബോൾ താരം കെ.സി. ലിതാരയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ കുറ്റ്യാടി പൊലീസ് കേസെടുത്തു. ലിതാരയുടെ അമ്മയുടെ പരാതിയിൽ കണ്ടാലറിയാവുന്ന രണ്ട് പേർക്കെതിരെയാണ് കേസെടുത്തത്. സ്റ്റാമ്പ് പേപ്പറിൽ ബലം പ്രയോഗിച്ച് ഒപ്പിടീക്കാൻ ശ്രമിച്ചതിനും വീട്ടിൽ അതിക്രമിച്ചു കയറിയതിനുമാണ് പൊലീസ് കേസെടുത്തത്. കേസിലെ പ്രതിയായ കോച്ച് രവി സിങ്ങിനെതിരായ പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് ഹിന്ദി സംസാരിക്കുന്ന പുരുഷൻമാർ തങ്ങളുടെ വീട്ടിൽ വന്ന് ഭീഷണിപ്പെടുത്തിയതായി കുടുംബം ആരോപിച്ചു. 25 ലക്ഷം രൂപ നൽകാമെന്ന് വാഗ്ദാനം ചെയ്തതായും പരാതിയിൽ പറയുന്നു. അമ്മ ലളിതയുടെയും കുടുംബാംഗങ്ങളുടെയും വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി. ലിതാരയുടെ വീട്ടിലെത്തി പരിശോധന നടത്തി. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. അതേസമയം, സംഭവത്തിന് തൊട്ടുമുമ്പ് വീട്ടിലെത്തിയ കാനറാ ബാങ്ക് ഉദ്യോഗസ്ഥരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയേക്കും. കെ.സി ലിതാരയുടെ ദുരൂഹ മരണത്തിൽ ബിഹാർ പൊലീസ് അന്വേഷണം അവസാനിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കുടുംബത്തിന് ഭീഷണി. കോച്ച് രവി സിംഗിന്‍റെ ശാരീരികവും മാനസികവുമായ പീഡനം മൂലമാണ് ലിതാര മരിച്ചതെന്ന് മാതാപിതാക്കൾ ആരോപിച്ചെങ്കിലും ബിഹാർ പൊലീസ് അന്വേഷണത്തിൽ ഇക്കാര്യം പരിഗണിച്ചില്ല. കോച്ചിനെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. അന്വേഷണ റിപ്പോർട്ടിൻമേൽ നടപടിയായില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ശംഭു സിംഗ് പറഞ്ഞു. സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് കുടുംബം കായിക മന്ത്രിക്ക് നിവേദനം നൽകും.
0 Comments