ലഖ്‌നൗ: മുസഫർനഗർ കലാപക്കേസിൽ ബിജെപി എംഎൽഎ വിക്രം സെയ്നി ഉൾപ്പെടെ 11 പേർക്ക് രണ്ട് വർഷം തടവും 10,000 രൂപ പിഴയും വിധിച്ച് പ്രത്യേക കോടതി. യു.പിയിലെ ഖതൗലിയിൽ നിന്നുള്ള എം.എൽ.എയാണ് സെയ്നി. വിധിയെ തുടർന്ന് വിക്രം സെയ്നിക്കും സംഘത്തിനും കോടതി ജാമ്യവും അനുവദിച്ചു. കലാപത്തിനും മറ്റ് കുറ്റകൃത്യങ്ങൾക്കുമാണ് പ്രത്യേക എംപി/എംഎൽഎ കോടതി ശിക്ഷ വിധിച്ചത്. തെളിവുകളുടെ അഭാവത്തിൽ കേസിലെ 15 പ്രതികളെ ജഡ്ജി ഗോപാൽ ഉപാധ്യായ കുറ്റവിമുക്തരാക്കി. ബിജെപി എംഎൽഎ ഉൾപ്പെടെ 26 പേരാണ് കലാപക്കേസിൽ വിചാരണ നേരിട്ടത്. 2013 ഓഗസ്റ്റിൽ മുസാഫർ നഗറിലുണ്ടായ കലാപത്തിൽ 62 പേർ കൊല്ലപ്പെട്ടിരുന്നു. ജാട്ട് സമുദായത്തിൽപ്പെട്ട രണ്ട് യുവാക്കളുടെ അന്ത്യകർമ്മങ്ങൾക്ക് ശേഷം കവാൽ ഗ്രാമത്തിൽ എം.എൽ.എയുടെ നേതൃത്വത്തിൽ കലാപം പൊട്ടിപ്പുറപ്പെടുകയായിരുന്നു. ഏകദേശം 40,000 ത്തോളം ആളുകളാണ് ഈ പ്രദേശം വിട്ടുപോകാൻ നിർബന്ധിതരായത്.
0 Comments