വളാഞ്ചേരി: നഗരസഭയുടെ 2026-27 വാർഷിക ബജറ്റ് ഉപാധ്യക്ഷൻ കെ.വി. ഉണ്ണികൃഷ്ണൻ അവതരിപ്പിച്ചു. അധ്യക്ഷ ഹസീന വട്ടോളിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് ബജറ്റ് അവതരിപ്പിച്ചത്. 730.24 കോടി രൂപ വരവും 554.05 കോടി രൂപ ചെലവും 176.19 കോടി രൂപ നീക്കിയിരിപ്പുമാണ് ബജറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
ഭവനപദ്ധതികൾ, റോഡ് നിർമ്മാണം, ആരോഗ്യ മേഖല, വിദ്യാഭ്യാസം, വനിതാ–ക്ഷേമ പദ്ധതികൾ തുടങ്ങി വിവിധ മേഖലകൾക്ക് ഫണ്ട് നീക്കിവെച്ചതായി അറിയിച്ചെങ്കിലും, പല പ്രധാന പദ്ധതികൾക്കും "ആദ്യഘട്ടം" എന്ന പേരിൽ വളരെ കുറവ് തുക മാത്രമാണ് വകയിരുത്തിയിരിക്കുന്നത്. പുതിയ ബസ്റ്റാൻഡ്, റിംഗ് റോഡ്/ബൈപ്പാസ്, നഗരസഭ ഓഫീസ് നിർമ്മാണം, മാർക്കറ്റ് നവീകരണം തുടങ്ങിയ വൻപ്രഖ്യാപനങ്ങൾക്ക് വെറും 10 ലക്ഷം രൂപ വീതം മാത്രം മാറ്റിവെച്ചത് പ്രായോഗികതയെ കുറിച്ച് സംശയങ്ങൾ ഉയർത്തുന്നു.
റോഡുകളുടെ പുനരുദ്ധാരണത്തിനും പുതിയ റോഡുകൾക്കും 5.7 കോടി രൂപ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, നഗരത്തിലെ നിലവിലെ റോഡുകളുടെ ദുരവസ്ഥ കണക്കിലെടുക്കുമ്പോൾ ഇത് മതിയാകുമോയെന്ന ചോദ്യം ഉയരുന്നു. ശുചിത്വ പ്രവർത്തനങ്ങൾക്കും മാലിന്യ സംസ്കരണത്തിനും തുക നീക്കിവെച്ചിട്ടുണ്ടെങ്കിലും, നിലവിലുള്ള പ്രശ്നങ്ങൾക്ക് സമഗ്രപരിഹാരം കാണാൻ വ്യക്തമായ പ്രവർത്തനരേഖ ബജറ്റിൽ പ്രതിഫലിക്കുന്നില്ലെന്ന വിമർശനവും ഉയരുന്നു.
വിദ്യാഭ്യാസ രംഗത്ത് സ്മാർട്ട് ക്ലാസ്‌റൂം, എ.ഐ ലേണിംഗ് ഹബ്, റോബോട്ടിക്സ് ലാബ് തുടങ്ങിയ ആധുനിക പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതൽ മുൻഗണന ആവശ്യമാണ് എന്ന അഭിപ്രായവും ചിലർ പ്രകടിപ്പിച്ചു.
വൻപ്രഖ്യാപനങ്ങളോടെ ബജറ്റ് അവതരിപ്പിച്ചെങ്കിലും, യാഥാർഥ്യത്തിൽ പദ്ധതികൾ നടപ്പിലാകുമോയെന്ന കാര്യത്തിൽ വ്യക്തത കുറവാണെന്ന വിലയിരുത്തലാണ് പൊതുവെ ഉയരുന്നത്. കൗൺസിലർമാരും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

0 Comments