മലപ്പുറം: സോഷ്യൽ മീഡിയയായ Facebook വഴി കഴിഞ്ഞ കുംഭമേളയെ കുറിച്ച് വർഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന തരത്തിൽ അസഭ്യ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് ആത്മവനാട് കരിപ്പോൾ ചീരാൻകുളങ്ങര സ്വദേശി മുബാറക് (36)നെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
കഴിഞ്ഞ 05/02/2026-നാണ് പ്രതി തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ സമൂഹത്തിൽ അക്രമവും വർഗീയ വിദ്വേഷവും പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്റ് സൃഷ്ടിച്ച് പ്രചരിപ്പിച്ചതെന്ന് കണ്ടെത്തിയത്. മലപ്പുറം ജില്ലാ പോലീസിന്റെ സോഷ്യൽ മീഡിയ അനാലിസിസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് CR 126/26 നമ്പർ കേസായി 192 BNS, 120 (O) KP Act വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പ്രതിയുടെ പഴയ ക്രിമിനൽ പശ്ചാത്തലം പരിശോധിച്ചപ്പോൾ കല്പകഞ്ചേരി, വളാഞ്ചേരി പോലീസ് സ്റ്റേഷനുകളിലായി അഞ്ചിലധികം കേസുകൾ ഇയാളുടെ പേരിലുണ്ടെന്ന് കണ്ടെത്തി. കൊലപാതകശ്രമം, മാരകായുധം ഉപയോഗിച്ച് പരിക്കേൽപ്പിക്കൽ തുടങ്ങിയ ഗുരുതര കേസുകളും ഇതിൽ ഉൾപ്പെടുന്നുണ്ട്.
പ്രതിക്കെതിരെ 129 BNSS പ്രകാരം ഗുണ്ടാവിരുദ്ധ നടപടികൾ ആരംഭിക്കുന്നതും സ്റ്റേഷൻ റൗഡിയായി പ്രഖ്യാപിക്കുന്നതും ഉൾപ്പെടെയുള്ള നടപടികൾ പുരോഗമിക്കുകയാണ്. കേസിന്റെ ഗൗരവം പരിഗണിച്ച് KAAPPA നടപടികൾക്ക് ഉടൻ ശുപാർശ ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
പ്രതി ഇത്തരം പോസ്റ്റുകൾ സൃഷ്ടിക്കാൻ ഉപയോഗിച്ചിരുന്ന റിയൽമി മൊബൈൽ ഫോൺ പോലീസ് പിടിച്ചെടുത്ത് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അറസ്റ്റ് നോട്ടീസ് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയായതായും പോലീസ് അറിയിച്ചു.
സമൂഹത്തിൽ വർഗീയ ചേരിതിരിവ് സൃഷ്ടിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ ആരും സൃഷ്ടിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.

0 Comments