തിരുവനന്തപുരം: പാറശ്ശാലയിൽ കഷായവും ജ്യൂസും കഴിച്ച് ബിഎസ്‍സി വിദ്യാർത്ഥി ഷാരോൺ രാജ് ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണം വഴിത്തിരിവിലേക്ക്. ഷാരോണിന്‍റെ മരണത്തിൽ പങ്കുണ്ടെന്ന് യുവതിയുടെ സുഹൃത്ത് അന്വേഷണ സംഘത്തിന് മുമ്പാകെ കുറ്റസമ്മതം നടത്തിയതായാണ് വിവരം. ഇന്നലെ അന്വേഷണം ഏറ്റെടുത്ത ജില്ലാ ക്രൈംബ്രാഞ്ച് ഇന്ന് പെൺകുട്ടിയെ ചോദ്യം ചെയ്യുകയാണ്. ചോദ്യം ചെയ്യൽ എട്ട് മണിക്കൂർ പിന്നിട്ടു. എ.ഡി.ജി.പി എം.ആർ അജിത് കുമാർ ഉടൻ മാധ്യമങ്ങളെ കണ്ട് അന്വേഷണത്തിന്‍റെ വിശദാംശങ്ങൾ അറിയിക്കും. പൊലീസ് ചോദ്യം ചെയ്ത വനിതാ സുഹൃത്തിന്‍റെ വീട്ടിൽ നിന്ന് കഷായവും ജ്യൂസും കഴിച്ച് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഷാരോൺ മരിച്ചത്. റൂറൽ എസ്പി ഡി ശിൽപയുടെ നേതൃത്വത്തിലാണ് യുവതിയുടെ സുഹൃത്തിനെ ചോദ്യം ചെയ്തത്. അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയ ശേഷം മൊഴി നൽകാൻ വരണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിക്ക് കത്ത് നൽകിയിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ.ജെ ജോൺസനാണ് അന്വേഷണ ഉദ്യോഗസ്ഥൻ. റൂറൽ എസ്.പിയും എ.എസ്.പി സുൾഫിക്കറും അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നു. പെൺകുട്ടിയുടെ മാതാപിതാക്കളും അടുത്ത ബന്ധുവും രാവിലെ 10.30 ഓടെ ക്രൈംബ്രാഞ്ചിന് മൊഴി കൊടുക്കാൻ എത്തിയിരുന്നു. ഒറ്റയ്ക്കും സംഘങ്ങളായും ഇരുന്നാണ് നാലുപേരുടെയും മൊഴി രേഖപ്പെടുത്തിയത്.
0 Comments