വിതുര: സത്യസന്ധതയ്ക്ക് സ്വർണത്തേക്കാൾ മാറ്റുണ്ടെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് വിതുര സ്വദേശിനിയായ രഞ്ജുമോൾ എന്ന വീട്ടമ്മ. ക്ഷേത്ര ദർശനത്തിന് പോകവേ വഴിയിൽ നിന്ന് ലഭിച്ച ഒന്നര പവൻ തൂക്കം വരുന്ന സ്വർണ്ണമാല ഉടമയെ ഏൽപ്പിച്ചാണ് രഞ്ജുമോൾ മാതൃകയായത്. പ്രഭാതസവാരിക്കിടെ നഷ്ടപ്പെട്ട മാല തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് ശിവക്ഷേത്ര ജംഗ്ഷനിലെ പാർവതിയും കുടുംബവും. ശിവക്ഷേത്രം ജംഗ്ഷനിൽ താമസിക്കുന്ന അനിൽകുമാറിന്‍റെ മകൾ പാർവതിയുടെ മാലയാണ് തിങ്കളാഴ്ച പ്രഭാത സവാരിക്കിടെ നഷ്ടപ്പെട്ടത്. മാല നഷ്ടപ്പെട്ട വിവരം സുഹൃത്തുക്കൾ സമൂഹമാധ്യമങ്ങൾ വഴി പങ്കു വെച്ചിരുന്നു. ഇതിനിടയിൽ വിതുര മഹാദേവ ക്ഷേത്രത്തിലേക്ക് പോകവേ, ഹൈസ്കൂളിന് മുന്നിൽ നിന്ന് തിരിയുന്ന ഇടവഴിയിൽ നിന്നാണ് കൊപ്പം കരിമ്പനടി സ്വദേശി രഞ്ജുമോൾക്ക് രാവിലെ ഏഴ് മണിയോടെ മാല ലഭിക്കുന്നത്. മാല ലഭിച്ച വിവരം പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയും ചെയ്തു. രഞ്ജുമോളുടെ സാന്നിധ്യത്തിൽ എസ്.ഐ. വിനോദ്കുമാർ മാല ഉടമസ്ഥന് കൈമാറി.
0 Comments