ad

Ticker

6/recent/ticker-posts

രണ്ട്  പതിറ്റാണ്ടുകൾ നീണ്ട  കാത്തിരിപ്പ് ;  'നന്മയുടെ സ്നേഹക്കൂട് ' ഒരുക്കുവാൻ പതിവ് തെറ്റിക്കാതെ അവർ എത്തും.

എടത്വ : ഇക്കുറിയും ക്രിസ്തുമസ് ദിനത്തിൽ സ്നേഹ വിരുന്ന് ഒരുക്കുവാൻ ''നന്മയുടെ സ്നേഹക്കൂട് കൂട്ടായ്മ " എത്തും.കരുതലിന്റെ കരങ്ങളുമായി പതിവ് തെറ്റിക്കാതെ പങ്കുവെയ്ക്കലിനായി അവർ എത്തും.ഉറ്റവരും ഉടയവരും ഉപേക്ഷിച്ച് ചുറ്റുമതിലിനുള്ളിൽ പതിറ്റാണ്ടുകളായി കഴിയുന്നവർക്കൊപ്പം എല്ലാ തിരക്കുകളും മാറ്റിവെച്ച് ഒരു ദിനം ചെലവഴിക്കുന്നതിന് സുമനസ്സുകൾ നൂറനാട് ലെപ്രസി സാനിറ്റോറിയത്തിൽ ഒത്തു കൂടും.

പൊതു  പ്രവർത്തകൻ ഡോ.ജോൺസൺ വി ഇടിക്കുളയുടെ നേതൃത്വത്തിലുള്ള സംഘമാണ്  'ഷോട്ട് പുളിക്കത്ര കൊയിനോണിയ ഗ്രൂപ്പിന്റെ ' സഹകരണത്തോടെ സാനിറ്റോറിയത്തിൽ   'നന്മയുടെ സ്നേഹക്കൂട് ' സംഗമം ഡിസംബർ 25ന് നടത്തുന്നത്. 

കഴിഞ്ഞ 30 വർഷത്തിലധികമായി നൂറനാട് ലെപ്രസി സാനറ്റോറിയം സന്ദർശിച്ച് വിവിധ സംഘടനകളുമായി സഹകരിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് പൊതുപ്രവർത്തകൻ തലവടി വാലയിൽ ബെറാഖാ ഭവനിൽ ഡോ.ജോൺസൺ വി.ഇടിക്കുളയാണ്.2003 മുതൽ മുടക്കം കൂടാതെ ഇവിടെ ക്രിസ്തുമസ് പുതുവത്സര സംഗമവും ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തി വരുന്നതിന് ഇന്ത്യ ബുക്ക് ഓഫ് റെക്കാർഡ് ഉൾപെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഈ കൂട്ടായ്മ മതസൗഹാർദ്ധത്തിന്റെയും സ്നേഹത്തിന്റെയും ഉത്തമ മാതൃക കൂടിയാണ്.കോവിഡ്  മഹാമാരി കാലം ഒഴികെ  ബാക്കിയുള്ള ക്രിസ്തുമസ് ദിനത്തിൽ 2003 മുതൽ തുടർച്ചയായി  ഇവിടെ സന്ദര്‍ശിച്ച് സ്നേഹ വിരുന്ന് ഒരുക്കുകയും ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തി വരുന്നു.

ബിലിവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവക വികാരി റവ. ഫാദര്‍  മർക്കോസ് പള്ളിക്കുന്നേൽ അധ്യക്ഷത വഹിക്കും. നിരണം ഗ്രാമ പഞ്ചായത്ത്  അംഗം അജോയി കെ വർഗ്ഗീസ് ക്രിസ്തുമസ് പുതുവത്സര സംഗമം ഉദ്ഘാടനം ചെയ്യും.ശിശുക്ഷേമ സമിതി ജില്ലാ കൗൺസിൽ അംഗം മീര സാഹിബ്  ക്രിസ്തുമസ് സന്ദേശം നല്കും.സാനിറ്റോറിയത്തിലെ അന്തേവാസികള്‍ക്ക് ഭക്ഷണം  പാചകം  ചെയ്യുന്ന അടുക്കളയിലെ ഇടിഞ്ഞ്  പൊളിഞ്ഞ  പാചക അടുപ്പ് നന്നാക്കുന്നതിന് ഉള്ള   തുക സൗഹൃദ വേദി വൈസ് പ്രസിഡന്റ് ഡി. പത്മജദേവി അധികൃതര്‍ക്ക് കൈമാറും.പാഞ്ചജന്യം ഭാരതം വൈസ് ചെയർമാനും കേരള ക്ഷേത്ര സമന്വയ സമിതി വർക്കിംഗ് പ്രസിഡന്റുമായ  കുടശ്ശനാട് മുരളി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം  നിർവഹിക്കും. ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ സെക്രട്ടറി ബിൽബി മാത്യൂ കണ്ടത്തിൽ  സാനിറ്റോറിയത്തിലെ ആരോഗ്യ പ്രവർത്തകരെ ആദരിക്കും.തുടർന്ന് സ്നേഹ വിരുന്നും സംഘടിപ്പിക്കുമെന്ന് കൺവീനർമാരായ  ജിബി ഈപ്പൻ, സുധീർ കൈതവന, വി.സി.വർഗ്ഗീസ്,  റെന്നി തോമസ് തേവേരിൽ എന്നിവർ അറിയിച്ചു. 


 ഫയൽ ചിത്രം 2024

Post a Comment

0 Comments